22 December Sunday
മാരായമുട്ടം സഹകരണബാങ്ക്‌

മെഡിക്കൽ സ്‌റ്റോർ തട്ടിപ്പിൽ അന്വേഷണം ഉടൻ

സ്വന്തം ലേഖകൻUpdated: Thursday Oct 24, 2024
തിരുവനന്തപുരം 
കോൺഗ്രസ്‌ ഭരണത്തിനുകീഴിൽ അഴിമതിക്ക്‌ കുപ്രസിദ്ധിനേടിയ മാരായമുട്ടം സർവീസ്‌ സഹകരണബാങ്കിനു കീഴിലെ മെഡിക്കൽ സ്‌റ്റോറിൽ നടത്തിയ തട്ടിപ്പിൽ പൊലീസ്‌ വിശദമായ അന്വേഷണം നടത്തും. ബാങ്ക്‌ പ്രസിഡന്റ്‌ എം എസ്‌ പാർവതി ഉൾപ്പെടെ 13 പേരെ  പ്രതികളാക്കി മാരായമുട്ടം പൊലീസ്‌ കേസെടുത്തിരുന്നു.
ബാങ്കിന്‌ അനുവദിച്ച നീതി മെഡിക്കൽ സ്‌റ്റോറിന്റെ ട്രേഡിങ്‌ അക്കൗണ്ട്‌, സ്‌റ്റോക്ക്‌ എന്നിവയിൽ കൃത്രിമം കാണിച്ച്‌ 3.85 ലക്ഷം രൂപ തട്ടിയെടുത്തതായി സഹകരണ വകുപ്പ്‌ ജോയിന്റ്‌ ഡയറക്ടർ (ഓഡിറ്റ്‌) പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്നാണ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌. 
സഹകരണ വകുപ്പ്‌ ശേഖരിച്ച രേഖകൾ പൊലീസ്‌ പരിശോധിച്ച്‌ തുടരന്വേഷണം ആരംഭിക്കുമെന്ന്‌ മാരായമുട്ടം പൊലീസ്‌ അറിയിച്ചു. തുടർന്ന്‌ നീതിസ്‌റ്റോറിലും പരിശോധന നടത്തും. പ്രതിചേർക്കപ്പെട്ട 13 പേരെയും ചോദ്യം ചെയ്യും.മാരായമുട്ടം സർവീസ്‌ സഹകരണബാങ്കിൽ കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം എസ് അനിൽ പ്രസിഡന്റായിരിക്കവേ 30 കോടിയിലേറെ രൂപയുടെ വെട്ടിപ്പ്‌ നടത്തിയതായി സഹകരണ വകുപ്പ്‌ കണ്ടെത്തിയിരുന്നു. 
അദ്ദേഹത്തെ മാറ്റിയശേഷം മകൾ പാർവതി പ്രസിഡന്റായപ്പോഴും 30 കോടിയിലേറെ രൂപയുടെ ക്രമക്കേട്‌ കണ്ടെത്തി. 
ഇരുവരുടെയും ഭരണകാലയളവിൽ 66.52 കോടിയോളം രൂപയുടെ വെട്ടിപ്പ്‌  നടത്തിയതായാണ്‌ സഹകരണ വകുപ്പ്‌ കണ്ടെത്തിയത്‌.
നീതി സ്‌റ്റോർ തട്ടിപ്പിൽ അനിലിന്റെ മരുമകൾ ശരണ്യ വാര്യരും പ്രതിയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top