22 December Sunday

വിവിധയിടങ്ങളിൽ പിടികൂടിയത്‌ 48 കിലോ

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

പാറശാല ഇഞ്ചിവിളയിൽ 20 കിലോ കഞ്ചാവുമായി പിടിയിലായവർ

തിരുവനന്തപുരം
പാറശാലയിലും നേമത്തും നെടുമങ്ങാട്ടുമായി എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിൽ 48 കിലോ കഞ്ചാവ്‌ പിടികൂടി. മൂന്നിടങ്ങളിൽനിന്നായി ആറുപേരെ അറസ്‌റ്റ്‌ ചെയ്‌തു. അറസ്‌റ്റിലായവരിൽ ഒരുയുവതിയും രണ്ട്‌ ഒഡിഷ സ്വദേശികളുമുണ്ട്‌.
പാറശാലയിൽനിന്ന്‌ 20 കിലോ കഞ്ചാവുമായാണ്‌ ഒഡിഷ സ്വദേശികളടക്കം നാലുപേർ എക്സൈസ് പിടിയിലായത്‌. 
പാറശാല റെയിൽവേ സ്റ്റേഷന് സമീപം ഇഞ്ചിവിളയിൽ നിന്നാണ് വിക്രം കുമാർ, മനോജ് രഞ്ചൻ കുറ, തിരുവനന്തപുരം വള്ളക്കടവ് സ്വദേശി രഘു(ചന്ദ്രൻ), കൊല്ലം പാരിപ്പള്ളി സ്വദേശി ഷിബു എന്നിവരെ പിടികൂടിയത്. ബാഗുകളിലാക്കിയ കഞ്ചാവുമായി ആന്ധ്രപ്രദേശിൽനിന്ന്‌ ട്രെയിൻ മാർഗം നാഗർകോവിലിൽ എത്തി വീണ്ടും ട്രെയിൻ മാർഗം പാറശാലയിലെത്തി തിരുവനന്തപുരത്തേക്ക് ബസിൽ പോകാനായി ഇഞ്ചിവിളയിലേക്ക് വരുമ്പോഴാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്. സമാനമായ നിരവധി കേസിൽ പ്രതികളായ ഇവർ സ്കൂൾ കോളേജ് വിദ്യാർഥികൾക്ക് മൊത്തമായും ചില്ലറയായും കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ്‌. 
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പള്ളിച്ചൽ പ്രാവച്ചമ്പലം അമ്പലംവിള വീട്ടിൽ റെജിൻ റഹീമിനെ (28) യാണ് എട്ടുകിലോ കഞ്ചാവുമായി നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്. 
ബുധൻ പുലർച്ചെ പള്ളിച്ചലിൽ നടത്തിയ വാഹന പരിശോധനയിലാണ് ഹോണ്ട ആക്ടീവ സ്കൂട്ടറിൽനിന്നും കഞ്ചാവു കണ്ടെടുത്തത്‌. വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് റെജിൻ. 
വിപിണിയിൽ രണ്ട് ലക്ഷം രൂപ വിലമതിക്കുന്നതാണ്‌ കഞ്ചാവ്‌. പരിശോധനയിൽ നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ എസ് പ്രശാന്ത്, അസിസ്റ്റന്റ്‌ ഇൻസ്പെക്ടർ ഗ്രേഡ് സുനിൽ രാജ്, അനീഷ്, ലാൽ കൃഷ്ണ, പ്രസന്നൻ, മനുലാൽ, മുഹമ്മദ് അനീസ്, ജീന, ശ്രീജ എന്നിവർ പങ്കെടുത്തു.
നെടുമങ്ങാട് ദമ്പതികൾ വാടകയ്ക്ക്‌ താമസിക്കുന്ന വീട്ടില്‍ നി്ന്നാണ്‌ 20 കിലോയിലേറെ കഞ്ചാവ്‌ പിടികൂടിയത്‌. ഭാര്യ അറസ്‌റ്റിൽ. ആര്യനാട് പറണ്ടോട് സ്വദേശികളായ മനോജ്(24), ഭുവനേശ്വരി(23)എന്നിവരുടെ താമസസ്ഥലമായ നെടുമങ്ങാട് മഞ്ച ചാമ്പുപുര വീട്ടിലാണ്‌ നെടുമങ്ങാട് എക്സൈസ് സംഘം റെയ്ഡു നടത്തിയത്. കിടപ്പു മുറിയിലെ കട്ടിലിനടിയില്‍ പ്ലാസ്റ്റിക് ചാക്കുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇരുപതു കിലോയിലധികമുള്ള കഞ്ചാവ്. മനോജ് ഓടി രക്ഷപ്പെട്ടു. എക്സൈസ് സി ഐ എസ് ജി അരവിന്ദ്, അസി. എക്സൈസ് ഇൻസ്പെക്ടർ വി അനിൽകുമാർ, രഞ്ജിത്ത്, ബിജു,നജിമുദ്ദീൻ, പ്രശാന്ത്,സജി, ശ്രീജിത്ത്, ഷീജ,രജിത,അശ്വതി എന്നിവര്‍ റെയ്ഡിനു നേതൃത്വം നല്‍കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top