വിളപ്പിൽ
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായില്ല. യുഡിഎഫ് അംഗങ്ങളെ വിശ്വാസമില്ലാത്ത നേതാക്കൾ ആഴ്ചകൾക്ക് മുമ്പ് തന്നെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റി. കോൺഗ്രസ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിലെ അഴിമതിക്കെതിരെ ഏതെങ്കിലും യുഡിഎഫ് അംഗങ്ങൾ വോട്ടു ചെയ്താൽ ഭരണം നഷ്ടപ്പെടുമെന്ന ഭയത്താലാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങളെ ഒളിവിൽ പാർപ്പിച്ചത്. ശനി പകൽ 11 ന് വരണാധികാരി ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷാജി ബോൺസ്ലെയുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. എൽഡിഎഫ് അംഗങ്ങൾ ചർച്ച നടത്തിയശേഷമാണ് വോട്ടെടുപ്പ് തുടങ്ങിയത്. വോട്ടെണ്ണലിൽ എൽഡിഎഫിന് ഭൂരിപക്ഷം ലഭിക്കാത്തതോടെ അവിശ്വാസം പാസായില്ല. അവിശ്വാസം വിജയിക്കാൻ എൽഡിഎഫിന് 9 വോട്ട് വേണമായിരുന്നു. എന്നാൽ ലഭിച്ചത് അംഗങ്ങളുടെ 8 വോട്ടാണ്.
ചർച്ചയിലും വോട്ടെടുപ്പിലുംനിന്ന് വിട്ട് നിൽക്കാൻ ഡിസിസി പ്രസിഡന്റ് പാലോട് രവി കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പും കൈമാറിയിരുന്നു. സംസ്ഥാനത്തിന് പുറത്ത് രഹസ്യ കേന്ദ്രത്തിൽ കഴിഞ്ഞ യുഡിഎഫ് അംഗങ്ങൾ അവിശ്വാസ പ്രമേയ ചർച്ച കഴിഞ്ഞതോടെ ശനി രാത്രി തന്നെ നാട്ടിലെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..