23 November Saturday

മുതലപ്പൊഴി തുറമുഖ വികസനം: പദ്ധതിക്ക്‌ അംഗീകാരം

സ്വന്തം ലേഖകൻUpdated: Friday Oct 25, 2024
ചിറയിൻകീഴ്  > പെരുമാതുറ മുതലപ്പൊഴി  തുറമുഖ വികസനത്തിന് 177 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരം.  മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച പുണെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (സിഡബ്ല്യൂപിആർഎസ്) മുതലപ്പൊഴിയിൽനിന്ന് ഡാറ്റ ശേഖരിച്ച് പഠനം നടത്തി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  164 കോടി രൂപയുടെ പദ്ധതിയാണ് ആദ്യം സമർപ്പിച്ചിരുന്നത്.
 
കേന്ദ്ര സർക്കാരിന്റെ  പുതിയ സ്മാർട്ട് ആൻഡ് ഗ്രീൻ ഹാർബർ എന്ന നയത്തിന്റെ  ഭാഗമായി പുതിയ ഡിപിആർ നൽകാൻ കേന്ദ്രസർക്കാർ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ബംഗളൂരു ആസ്ഥാനമായ സിസെഫ് എന്ന ഏജൻസിയുടെ പഠന റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിൽ ഹാർബർ എൻജിനിയറിങ് വിഭാഗംപദ്ധതി പുതുക്കി നൽകി.  
മുതലപ്പൊഴി വികസനപദ്ധതി 
രൂപരേഖ

മുതലപ്പൊഴി വികസനപദ്ധതി 
രൂപരേഖ

 
തെക്കേപുലിമുട്ടിന്റെ നീളം 425 മീറ്റർ വർധിപ്പിച്ച് കവാടം വടക്കുഭാഗം വരുന്ന വിധം പുനർനിർമിക്കും. ചാനലിലും  കായലിലും സാൻഡ് ബൈപാസിങ് വഴി ഡ്രഡ്ജിങ് നടത്തി ആഴം കൂട്ടും. ഓഖിയിൽ തകർന്ന പുലിമുട്ടുകളുടെ പുനർ നിർമാണം, പുലിമുട്ടിന് മുകളിലെ റോഡുകളുടെ നവീകരണം, താഴമ്പള്ളിയിൽ ലേലപ്പുര, ഫിഷ് ലാൻഡിങ് സെന്റർ വിപുലീകരണം, വിശ്രമ മുറികൾ, ടോയ്‌ലെറ്റ് ബ്ലോക്ക്, കടമുറികളുടെ നിർമാണം, ശൗചാലയ സമുച്ചയം, ഡോർമെറ്ററികൾ,  മാലിന്യ സംസ്കരണപ്ലാന്റ്‌, വാർഫ്, ലോഡിങ് ഏരിയ, ഓവർ ഹെഡ് ടാങ്ക്, തൊഴിലാളികൾക്ക് വിശ്രമ കേന്ദ്രം  തുടങ്ങിയ സൗകര്യങ്ങൾ  ഒരുക്കും.   കേന്ദ്രത്തിൽനിന്ന് അറിയിപ്പു ലഭിക്കുന്ന മുറയ്ക്ക് സംസ്ഥാന സർക്കാർ പദ്ധതികൾക്കുള്ള കരാർ വിളിക്കും. പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top