തിരുവനന്തപുരം
ജില്ലയിൽ രണ്ട് ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചത് 17 പേർക്ക്. ഞായറാഴ്‌ച 12 പേർക്കും തിങ്കളാഴ്‌ച അഞ്ച് പേർക്കുമാണ് സ്ഥിരീകരിച്ചത്. പൂന്തുറ, ശ്രീകാര്യം, കാട്ടാക്കട, നാവായിക്കുളം, നെയ്യാറ്റിൻകര സ്വദേശികൾക്കാണ് തിങ്കളാഴ്‌ച രോഗം സ്ഥിരീകരിച്ചത്.
അഞ്ചുപേരും പുരുഷൻമാരാണ്. ഇതിൽ പൂന്തുറ സ്വദേശി ഗൾഫിൽനിന്നും ശ്രീകാര്യം സ്വദേശി കർണാടകയിൽനിന്നും കാട്ടാക്കട സ്വദേശി ഡൽഹിയിൽനിന്നും എത്തിയവരാണ്. നെയ്യാറ്റിൻകര, നാവായിക്കുളം സ്വദേശികൾക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ചവർക്കൊപ്പം മുംബൈയിൽ നിന്നും വന്നയാളാണ് നെയ്യാറ്റിൻകര സ്വദേശി. നാവായിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവറാണ് രോഗം സ്ഥിരീകരിച്ച നാവായിക്കുളം സ്വദേശി. ഇയാൾ ഒറ്റൂരിൽ രോഗം സ്ഥിരീകരിച്ചയാളുമായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോയിവന്നിരുന്നു.
ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ച 12 പേരിൽ മൂന്നുപേർ വിദേശത്തുനിന്നും എട്ടുപേർ മറ്റ് സംസ്ഥാനത്തുനിന്നും വന്നവരാണ്. വെഞ്ഞാറമൂട് സ്വദേശിയായ 40 വയസ്സുകാരന് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. 23ന് ഒമാനിൽ നിന്നെത്തിയ നാവായിക്കുളം സ്വദേശി, വർക്കല സ്വദേശി, 17ന് യുഎഇയിൽ നിന്നെത്തിയ ആനയറ സ്വദേശി എന്നിവരാണ് വിദേശത്തുനിന്ന് വന്നവർ. ഡൽഹിയിൽനിന്ന് ട്രെയിനിൽ എത്തിയ കുരുതംകോട് സ്വദേശിനി, മുംബൈയിൽനിന്ന് ട്രാവലറിൽ എത്തിയ മടവൂർ സ്വദേശികളായ 35ഉം 52 ഉം വയസ്സുള്ള സ്‌ത്രീകൾ, 35ഉം 39ഉം വയസ്സുള്ള പുരുഷൻമാർ, ഏഴുവയസ്സുള്ള കുട്ടി, 21ന് മുംബൈയിൽനിന്ന് കാറിലെത്തിയ പെൺകുട്ടി, പുരുഷൻ, നാഗർകോവിലിൽ നിന്നെത്തിയ പൊഴിയൂർ സ്വദേശി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. നിലവിൽ 29 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.
ജില്ലയിൽ തിങ്കളാഴ്‌ച പുതുതായി 700 പേർ നിരീക്ഷണത്തിലായി. 883 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 4914 പേർ വീടുകളിലും 101 പേർ ആശുപത്രികളിലും 17 കരുതൽ കേന്ദ്രത്തിലായി 768 പേരും നിരീക്ഷണത്തിലുണ്ട്. 30 പേരെ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14 പേരെ ഡിസ്‌ചാർജ് ചെയ്തു. തിങ്കളാഴ്‌ച ലഭിച്ച 101 പരിശോധനാഫലം നെഗറ്റീവ് ആണ്. 139 സാമ്പിൾ പരിശോധനയ്‌ക്കായി അയച്ചു. 5086 വാഹനത്തിൽ 10072 പേരെ പരിശോധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..