23 December Monday
സേഫ് ക്യാമ്പസ്, സേഫ് ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ്

മെഡി. കോളേജുകളിൽ ശുചീകരണം 
ഉൾപ്പെടെയുള്ള പദ്ധതികൾക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

 തിരുവനന്തപുരം

ആരോഗ്യവകുപ്പ്‌ നടപ്പാക്കുന്ന സുരക്ഷിതമായ ആശുപത്രിയും സുരക്ഷിത പരിസരവും എന്ന ആശയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പകർച്ചവ്യാധി പ്രതിരോധനടപടികൾ ആരംഭിച്ചു. ക്യാമ്പസിൽ പകർച്ചവ്യാധികൾ തടയുക, വിദ്യാർഥികൾക്ക് രോഗഭീതി കൂടാതെ പഠനസൗകര്യമൊരുക്കുക എന്നിവയാണ് ലക്ഷ്യം. 
      അടുത്തിടെ, ലിഫ്‌റ്റിൽ രോഗി കുടുങ്ങിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ ജോലികൾ നിർണയിക്കാനും കർത്തവ്യപാലനത്തിൽ ശ്രദ്ധയൂന്നുന്നതിനും രോഗികൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും നടപടിയെടുക്കും. അതിനായി ജീവനക്കാർക്ക് പരിശീലനം നൽകും. ആശുപത്രികളിൽ സേഫ്റ്റി ഓഡിറ്റ് കൃത്യമായി നടത്താനും നിർദേശം നൽകി. ഓക്സിജൻ പ്ലാന്റ്‌, ആശുപത്രി ഉപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ലിഫ്റ്റുകൾ തുടങ്ങിയവയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കും. പ്രധാന കെട്ടിടങ്ങളിൽ സിസിടിവി കാമറകൾ ഉറപ്പുവരുത്താനും നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം പഴയ ഇലക്ട്രിക്കൽ വയറിങ്ങുകൾ മാറ്റുന്നതിനും സാനിറ്ററി റൗണ്ട്സിനും ഡിഎംഇ, ഡിഎച്ച്എസ് തലത്തിൽ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. 
    ജീവനക്കാർക്ക് പകർച്ചവ്യാധികൾ തടയാൻ സർക്കാർ തലത്തിൽ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ പ്രിൻസിപ്പൽമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. വിദ്യാർഥികളുടെ ഹോസ്റ്റലും പരിസരവും വൃത്തിയാക്കുക, ആശുപത്രിക്കെട്ടിടങ്ങളിൽ വളർന്നുനിൽക്കുന്ന ചെടികളും മറ്റും നീക്കുക, പഴക്കമുള്ള വാട്ടർ ടാങ്കുകൾ മാറ്റുക എന്നിവയടക്കം വിവിധ നവീകരണ പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടതെന്ന് മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ്‌ ഡയറക്ടർ ഡോ. കെ വി വിശ്വനാഥൻ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top