22 December Sunday

തീപ്പെട്ടി വ്യവസായത്തിൽ 
പ്രതിസന്ധി കത്തുന്നു

ബി ആർ അജീഷ്‌ബാബുUpdated: Monday Aug 26, 2024

ചെങ്കൽ വ്ലാത്താങ്കരയിലെ തീപ്പെട്ടിക്കമ്പനി

പാറശാല

അടച്ചുപൂട്ടലിന്റെ വക്കിൽ ഇരുട്ടലമർന്ന് തീപ്പെട്ടി വ്യവസായം.  വില കൂടാത്തതും കൊള്ളി നിർമാണത്തിനുള്ള മരം ലഭിക്കാത്തതുംമൂലം കമ്പനികളുടെ പ്രവർത്തനം നിലച്ചു. പ്രദേശത്തുള്ള തടികളാണ് കൊള്ളിനിർമാണത്തിന്‌ ഉപയോഗിച്ചിരുന്നത്. ഇവ  തമിഴ്നാട്ടിലെ  കമ്പനികളിലേക്ക്  കടത്തുന്നതാണ് ഇവിടത്തെ വ്യവസായത്തിന് ഇരുട്ടടിയാകുന്നതെന്ന്‌ തൊഴിലാളികൾ പറഞ്ഞു. 

പെരുമരം, പാല തുടങ്ങിയ മരങ്ങളാണ് കൊള്ളി നിർമിക്കാൻ ഉപയോഗിക്കുന്നത്. ഘനയടിക്ക് ഏകദേശം 260 മുതൽ 300 രൂപവരെ നൽകിയാണ് മരം വാങ്ങുന്നത്. തടികളെ 38 എംഎം നീളത്തിന് മുറിച്ച് പുറംതൊലി കളഞ്ഞ് ഹീലിങ്‌ മെഷീനിൽ ഓടിച്ച് ജർമൻ ഷോപ്പിങ്ങിൽ നിക്ഷേപിച്ച് കൊള്ളികളാക്കി മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്. ദിവസം ശരാശരി ഒരു ടൺ കൊള്ളി ഉൽപ്പാദിപ്പിക്കും. ഇവ തമിഴ്നാട്ടിലെ ശിവകാശി, സാത്തൂർ, കോവിൽപ്പെട്ടി, വിരുദുനഗർ തുടങ്ങിയ ഭാഗങ്ങളിലെ കമ്പനികൾക്കാണ് ഓർഡർ അനുസരിച്ച് കയറ്റി അയക്കുന്നത്. കിലോയ്‌ക്ക് 40 മുതൽ 43 രൂപവരെയാണ് ലഭിച്ചിരുന്നത്. 

ഒരുകാലത്ത് നെയ്യാറ്റിൻകര താലൂക്ക് മേഖലകളിൽ അറുപതോളം തീപ്പെട്ടിക്കമ്പനികളുണ്ടായിരുന്നത്‌ ചെങ്കൽ, വ്ലാത്താങ്കര, മാവിളക്കടവ് തുടങ്ങിയ ഭാഗങ്ങളിലായി ആറായി ചുരുങ്ങി. മരങ്ങൾ ലഭിക്കാത്തതും പുതുതലമുറയിലുള്ളവർ  വ്യവസായത്തിലേക്ക് കടന്നുവരാത്തതുമാണ് കമ്പനികളിൽ ഭൂരിഭാഗവും പൂട്ടാനും പ്രതിസന്ധിക്കും കാരണമെന്ന് വ്ലാത്താങ്കര സോണിമാക്സ് ഫാക്ടറിയിലെ ഫോർമാൻ   ജോർജ്‌ പറയുന്നു.  50 വർഷത്തിലേറെയായി പാരമ്പര്യമായി നടത്തിക്കൊണ്ടു വരുന്നതിനാലാണ്  വ്യവസായം മുന്നോട്ട്  പോകുന്നതെന്നും  സോണിമാക്സ് ഉടമ സാഗറും പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top