23 November Saturday

മെഡിക്കല്‍ കോളേജുകള്‍ക്കും 
സേവന മികവിനുള്ള പുരസ്‌കാരം:മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

കേരള സ്റ്റേറ്റ് ഡ്രഗ് ഫോര്‍മുലറി മന്ത്രി വീണാ ജോർജ് പ്രകാശിപ്പിക്കുന്നു

തിരുവനന്തപുരം
മെഡിക്കല്‍ കോളേജുകള്‍ക്കും സേവന മികവിനുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കൽ കോളേജിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ്‌ ഫ്രെയിംവർക്കിൽ (എൻഐആർഎഫ്) ഉന്നത സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിനെയും ഗവ. ദന്തൽ കോളേജിനെയും അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സായി ഉയര്‍ത്തുകയാണ്. രാജ്യത്തെ മികച്ച മെഡിക്കല്‍ കോളേജുകളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജും ഉള്‍പ്പെടുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനേയും ദന്തൽ കോളേജിനേയും ആദ്യഘട്ട ഹെല്‍ത്ത് ഹബ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ആരോഗ്യരംഗത്തെ ഗവേഷണ സാധ്യത മുന്നില്‍ കണ്ട്   സംസ്ഥാനത്തിന് സ്വന്തമായി ഗവേഷണ നയം രൂപീകരിക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ജോയിന്റ്‌ ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍ അധ്യക്ഷനായി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ്‌ ഡയറക്ടര്‍ ഡോ. വി ടി ബീന, സ്പെഷ്യല്‍ ഓഫീസര്‍ ഡോ. ടി കെ പ്രേമലത, ഡ്രഗ് ഫോര്‍മുലറി കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം നരേന്ദ്രനാഥന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ മോറിസ്, ദന്തല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ .കെ ഹര്‍ഷകുമാര്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ബി എസ് സുനില്‍കുമാര്‍, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എസ് ബിന്ദു എന്നിവര്‍ സംസാരിച്ചു. 
ഡ്രഗ് ഫോര്‍മുലറി 
പ്രസിദ്ധീകരിച്ചു 
കേരള സ്റ്റേറ്റ് ഡ്രഗ് ഫോര്‍മുലറി പ്രസിദ്ധീകരിച്ചു. കേരളത്തില്‍ ഏറ്റവും സാധാരണമായി ഉപയോഗത്തിലുളള മരുന്നുകളുടെ വിശദവിവരങ്ങള്‍ സംഗ്രഹിച്ചിട്ടുളള ഒരു റഫറന്‍സ് പ്രമാണമാണ് ഡ്രഗ് ഫോര്‍മുലറി. മരുന്നുകളുടെ പേരുകള്‍, അളവ്, പാര്‍ശ്വഫലങ്ങള്‍, ഉപയോഗങ്ങള്‍ എന്നിവയൊക്കെ ഉള്‍പ്പെടുത്തിയാണ് ഈ ഫോര്‍മുലറി തയ്യാറാക്കിയിട്ടുളളത്. ഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, നഴ്സുമാര്‍, ഫാര്‍മസി സ്റ്റാഫ് എന്നിവര്‍ക്കെല്ലാം പ്രയോജനപ്രദമായ ഒരു റഫറന്‍സ് ഗ്രന്ഥമാണിത്. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ ഫാര്‍മക്കോളജി വകുപ്പാണ് ഫോര്‍മുലറി തയ്യാറാക്കിയത്. എൻഐആർഎഫ്  ഉന്നത സ്ഥാനം നേടിയ തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിനെയും ഗവ. ദന്തൽ കോളേജിനെയും അനുമോദിക്കുന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജാണ്‌ ഡ്രഗ് ഫോര്‍മുലറി പ്രസിദ്ധീകരിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top