തിരുവനന്തപുരം
പേരൂർക്കടയിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരി വിനീത കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് എത്താതിരുന്ന തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥരെയും ഡോക്ടറെയും ഹാജരാക്കാൻ കേരള ഡിജിപിക്ക് കോടതി നിർദേശം. നിർദേശത്തിന്റെ പകർപ്പ് തമിഴ്‌നാട് ഡിജിപിക്കും ഇ-–- മെയിൽ മുഖേന കോടതി കൈമാറി. ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൻ മോഹനനാണ് ഉത്തരവിട്ടത്.
തമിഴ്‌നാട് ക്രൈംബ്രാഞ്ച് സിഐമാരായ എം പിറൈചന്ദ്രൻ, എൻ പാർവതി, കന്യാകുമാരി ആരുൾവായ്‌മൊഴി എസ്ഐമാരായ പി നീതിരാജ്, എൻ ശിവകുമാർ, ഫോറൻസിക് സർജൻ ഡോ. ആർ രാജമുരുകൻ എന്നിവരായിരുന്നു കേസിലെ സാക്ഷികൾ.
വിനീത കൊല്ലപ്പെടുന്നതിന് മാസങ്ങൾക്കുമുമ്പ് കേസിലെ പ്രതിയും കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശിയുമായ രാജേന്ദ്രൻ മൂന്നുപേരെ കൊലപ്പെടുത്തിയിരുന്നു. വെള്ളമഠം സ്വദേശികളായ കസ്റ്റംസ് ഓഫീസർ സുബ്ബയ്യ, ഭാര്യ വാസന്തി, മകൾ അഭിശ്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ കേസ് അന്വേഷിച്ചവരാണ് സാക്ഷികളായ നാലു പൊലീസ് ഉദ്യോഗസ്ഥരും. പോസ്റ്റ്മാർട്ടം ചെയ്ത ഡോക്ടറായിരുന്നു മറ്റൊരു സാക്ഷി. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് പേരൂർക്കടയിലെ ഹോട്ടലിൽ ജോലിക്കാരനായി എത്തിയശേഷം സമീപത്തെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തി അവരുടെ സ്വർണമാല കവർന്നത്.
പ്രതി പിന്തുടർന്നുവന്ന കൊലപാതകരീതിയും സമാനതകളും തെളിയിക്കുന്നതിനാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീൻ ഇവരെ സാക്ഷികളാക്കമണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരുന്നത്. 2022 ഫെബ്രുവരി ആറിന് കോവിഡ് നിയന്ത്രണങ്ങൾ ഉള്ളപ്പോഴാണ് തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം പ്രതി ചെയ്തത്. ഇതിനുശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയെ തിരുനെൽവേലി കാവൽ കിണറിനു സമീപത്തെ ലോഡ്ജിൽനിന്നാണ് പൊലീസ് പിടികൂടിയത്. വിനീത നെടുമങ്ങാട് കരിപ്പൂർ ചരുവള്ളിക്കോണം സ്വദേശിനിയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..