തിരുവനന്തപുരം
എഴുത്തിന് ഒപ്പംനിന്ന തലസ്ഥാനം സതീഷ് ബാബു പയ്യന്നൂരിന് വിടനൽകി. വെള്ളിയാഴ്‌ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം അദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
വഞ്ചിയൂരിലെ ഫ്‌ളാറ്റിലും തൈക്കാട് ഭാരത് ഭവനിലും പൊതുദർശനത്തിന് വച്ചു. കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അകാലത്തിൽ വിടപറഞ്ഞ എഴുത്തുകാരന് അന്ത്യാഞ്ജലിയർപ്പിച്ചു. വൈകിട്ടോടെ മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി. ഭാര്യ ഗിരിജയും മകൾ വർഷയും മറ്റ് ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചു. രാത്രി തൃശൂർ പാലയ്ക്കൽ ചൊവ്വൂർ ഹരിശ്രീനഗറിലെ ഇയ്യക്കാട്ടില്ലം വീട്ടിൽ മൃതദേഹം എത്തിച്ചു.
ശനിയാഴ്‌ച രാവിലെ ചൊവ്വൂർ ഹരിശ്രീനഗറിൽ അദ്ദേഹത്തിന്റെ അച്ഛൻ വാസുദേവൻ നമ്പൂതിരിയും അമ്മ പാർവതിയും താമസിക്കുന്ന 55–--ാം നമ്പർ വീട്ടിലും പകൽ 12 മുതൽ ഒന്നുവരെ തൃശൂർ സാഹിത്യ അക്കാദമി ഹാളിലും പൊതുദർശനത്തിന് വയ്ക്കും. പകൽ രണ്ടിന് പൂങ്കുന്നം എംഎൽഎ റോഡിലെ ശാന്തിഘട്ടിൽ സംസ്‌കാരം നടക്കും.
വ്യാഴാഴ്‌ചയാണ് വഞ്ചിയൂരിലെ ഫ്‌ളാറ്റിൽ സതീഷ് ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്‌റ്റ്‌മോർട്ടത്തിൽ പറയുന്നു.
സ്പീക്കർ എ എൻ ഷംസീർ, ജോൺ ബ്രിട്ടാസ് എംപി, എംഎൽഎമാരായ ഐ ബി സതീഷ്, രമേശ് ചെന്നിത്തല, എം വിൻസെന്റ് എന്നിവരും എം വിജയകുമാർ, പന്ന്യൻ രവീന്ദ്രൻ, പാലോട് രവി, സി പി ജോൺ, എം എം ഹസ്സൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, ഡോ. കെ ഓമനക്കുട്ടി, പ്രഭാവർമ്മ, പ്രൊഫ. വി മധുസൂദനൻനായർ, ഡോ.ജോർജ് ഓണക്കൂർ, മുരുകൻ കാട്ടാക്കട, എം രാജീവ്കുമാർ, വിനോദ് വൈശാഖി, ബാബു കുഴിമറ്റം, സി അനൂപ് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..