03 December Tuesday
ഒരാഴ്‌ചയ്‌ക്കിടെ പിഴ ഈടാക്കിയത്‌ 2.73 ലക്ഷം രൂപ

മാലിന്യം തള്ളിയാൽ പിഴ വീഴും

സ്വന്തം ലേഖികUpdated: Saturday Jul 27, 2024

ആമയിഴഞ്ചാൻ തോടിനരികിൽ മാലിന്യം തള്ളുന്നത് നിരീക്ഷിക്കാനായി കാമറകൾ സ്ഥാപിക്കുന്നു

തിരുവനന്തപുരം
മാലിന്യം തള്ളൽ തടയാനുള്ള കോർപറേഷന്റെ പ്രത്യേക സ്‌ക്വാഡ്‌ ഒരാഴ്‌ചയ്‌ക്കിടെ പിഴയായി ഈടാക്കിയത്‌ 2.73 ലക്ഷം രൂപ. പൊതുനിരത്തിലും ജലസ്രോതസ്സിലുടക്കം രാത്രിയും പകലുമായി നടത്തിയ പരിശോധനയിൽ എഴുപതോളം പേർ‌ക്കാണ് നോട്ടീസ് നൽ‌കിയത്. 
വ്യാഴം രാത്രി മാലിന്യം തള്ളാനെത്തിയ ഓട്ടോ സ്‌ക്വാഡ് പിടികൂടി 15,020 രൂപ പിഴ ചുമത്തിയിരുന്നു. തിരുമല കിള്ളിയാറിന് സമീപം മാലിന്യം തള്ളിയ പിക്കപ്‌ വാനിനെതിരെ കേസെടുത്തു. വെള്ളി പകൽ നടത്തിയ പരിശോധനയിൽ 41,080- രൂപ പിഴ ചുമത്തിയിട്ടുണ്ട്‌. കൂടാതെ മേയറുടെ മൊബൈലിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ന​ഗരത്തിലെ സൂപ്പർമാർക്കറ്റിന് 10,010 പിഴ ചുമത്തി. മാലിന്യം സംസ്‌കരിക്കാതെ അഴുകി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാലാണ്‌ നടപടി. 
കോർപറേഷൻ ആരോ​ഗ്യവിഭാഗം രാത്രി  പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയിരുന്നു. മൂന്ന് വനിതാ അം​ഗങ്ങൾ ഉൾപ്പെടുന്ന സ്‌ക്വാഡ്‌ ഒരാഴ്‌ചയിലധികമായി ന​ഗരത്തിൽ പ്രവർത്തിക്കുന്നു. കൂടാതെ വിവിധയിടത്ത്‌ കോർപറേഷന്റെ ശുചീകരണ തൊഴിലാളികളെയും നിയോഗിച്ചിട്ടുണ്ട്. മാലിന്യം തള്ളുന്നവരെ പിടികൂടി പൊലീസിൽ ഏൽപ്പിക്കും. ഒരാഴ്‌ചയ്‌ക്കിടെ തോടുകളിലേക്കും ഓടകളിലേക്കും മലിനജലം ഒഴുക്കിവിട്ട നാല് സ്ഥാപനത്തിനെതിരെ നടപടിയെടുക്കുകയും വീട്ടുടമകൾക്ക്‌ നോട്ടീസ് നൽകുകയും ചെയ്‌തിട്ടുണ്ട്. 
മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പിനോട്‌ ശുപാർശ ചെയ്യും. മാലിന്യസംസ്‌കരണത്തിനായി കോർപറേഷൻ ഒരുക്കിയിട്ടുള്ള സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പൊതുജനങ്ങളുടെ പരാതികൾ യഥാസമയം അറിയിക്കണമെന്നും മേയർ അറിയിച്ചു.
 
തള്ളുന്നവരുടെ മുഖം തെളിയും
തിരുവനന്തപുരം
ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളുന്നവരുടെ ദൃശ്യം ഇനി കോർപറേഷനിലെ സ്‌ക്രീനിൽ പ്രദർശിപ്പിക്കും. മേയറടക്കമുള്ളവരുടെ മൊബൈലിലും മാലിന്യം തള്ളുന്നവരുടെ ഫോട്ടോ തെളിയും. 
ഇതിനായി സ്‌മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപെടുത്തി തോടുകളിലും മാലിന്യശേഖരണ കേന്ദ്രങ്ങളിലും നിരീക്ഷണ കാമറകൾ സ്ഥാപിച്ചുതുടങ്ങി. 125 കാമറകളാണ് സ്ഥാപിക്കുക. ആദ്യഘട്ടമായി 35 കാമറ സ്ഥാപിക്കും. ഇതിൽ പത്തെണ്ണം വ്യക്തികളുടെ മുഖം തിരിച്ചറിയാൻ കഴിയുന്ന എഫ്ഐ കാമറകളാണ്. ആമയിഴഞ്ചാൻ തോട്ടിലെ മുങ്ങിമരിച്ച റെയിൽവേ ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര നടപടി. ബേക്കറി, രാജാജി നഗർ, പഴവങ്ങാടി, തകരപ്പറമ്പ്, ഉപ്പിടാംമൂട്, വഞ്ചിയൂർ, പാറ്റൂർ എന്നിവിടങ്ങളിലാണ്‌ ആദ്യഘട്ടം കാമറ സ്ഥാപിക്കുന്നത്. 
കാമറ കോർപറേഷനിലെ ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്ററുമായും പൊലീസിന്റെ കൺട്രോൾ സെന്ററുമായും ബന്ധിപ്പിച്ച് 24 മണിക്കൂറും നിരീക്ഷിക്കും.മാലിന്യസംസ്‌കരണ പദ്ധതിയിൽ ഉൾ‌പ്പെടുത്തി എംസിഎഫുകളിൽ വേസ്റ്റ് ബിൻ സെൻസർ ഘടിപ്പിക്കും. പരീക്ഷണാടിസ്ഥാനത്തിൽ കനക​ന​ഗറിൽ പദ്ധതി നടപ്പാക്കി. 
എംസിഎഫുകളിൽ സെൻസറുകൾ സ്ഥാപിക്കുന്നത് വഴി ഇത് നിറയുമ്പോൾ മാലിന്യമെടുക്കുന്ന അം​ഗീകൃത വാഹനങ്ങളിലേക്ക് സി​ഗ്നലെത്തും. എംസിഎഫിന്റെ ഏറ്റവും അടുത്തുള്ള വാഹനത്തിന് ഉടൻ ഇവിടെയെത്തി മാലിന്യം ശേഖരിക്കാം. ഇതിനായി പ്രത്യേക ആപ്പ് നിർമിക്കുകയാണ്‌. നിലവിൽ കൺട്രോൾ റൂം വഴിയാണ് പ്രവർത്തനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top