വെഞ്ഞാറമൂട്
വർഷം 1975, അടിയന്തരാവസ്ഥയുടെ ഭീതിതമായ ഒരു വൈകുന്നേരം. ദേശാഭിമാനി വായിക്കുന്നതുപോലും രാജ്യദ്രോഹമായി കണക്കാക്കിയിരുന്ന കാലം.
ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആനച്ചൽ കൈരളി ഗ്രന്ഥശാലയിലേക്ക് ഇരച്ചുകയറി. സമീപത്ത് ഇ എം എസിന്റെ നേതൃത്വത്തിൽ അടിയന്തരാവസ്ഥവിരുദ്ധ യോഗം നടക്കാനിരിക്കുന്നത് അറിഞ്ഞ് എത്തിയതാണ് പൊലീസ് സംഘം.
അഞ്ചു പേരാണ് ഗ്രന്ഥശാലയിലുണ്ടായിരുന്നത്. ഗ്രന്ഥശാലയുടെ കോണിലിരുന്ന് ദേശാഭിമാനി വായിക്കുകയായിരുന്നു ആനച്ചൽ തുളസീഭവനം വീട്ടിൽ ആർ തുളസീധരൻ.
തുളസീധരന്റെ സമീപമെത്തിയ ഡിവൈഎസ്‌പിയുടെ ഭീഷണി. ""ദേശാഭിമാനിയാണോടാ വായിക്കണത്. ഇത് വായിക്കരുതെന്ന് നിനക്കറിയില്ലേ... ഇനി മേലാൽ നീ ദേശാഭിമാനി കൈകൊണ്ട് തൊടരുത്''. എന്നാൽ, അന്നുമുതൽ ഇന്നുവരെ തുളസീധരൻ ദേശാഭിമാനി കൈയിൽനിന്ന് താഴെ വച്ചിട്ടില്ല. എവിടെ പോകുമ്പോഴും കൈയിൽ ദേശാഭിമാനിയുണ്ടാകും. എത്ര തിരക്കുണ്ടെങ്കിലും രാവിലെ പത്രം വായിച്ചശേഷമേ വീട്ടിൽനിന്ന് ഇറങ്ങാറുള്ളൂ. പതിനെട്ടാം വയസ്സിലാണ് ദേശാഭിമാനി വായിച്ചുതുടങ്ങിയത്. 60 വർഷം പിന്നിട്ട് ഇന്നും വായന തുടരുന്നു. ആദ്യകാലങ്ങളിൽ കൈരളി ഗ്രന്ഥശാലയിൽനിന്നാണ് പത്രം വായിച്ചിരുന്നത്. എന്നാൽ, 40 വർഷമായി ദേശാഭിമാനി വീട്ടിൽ വരുത്തുന്നു. ദേശാഭിമാനി തനിക്ക് ജീവവായുവാണെന്ന് തുളസീധരൻ പറയുന്നു. തന്നിലെ തൊഴിലാളി നേതാവിനെ വളർത്തുന്നതിൽ ദേശാഭിമാനി വായന സഹായിച്ചിട്ടുണ്ടെന്നും തുളസീധരൻ പറയുന്നു. കൈത്തറി തൊഴിലാളിയായിരുന്ന തുളസീധരൻ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗമായും കളമച്ചൽ കൈത്തറി നെയ്‌ത്ത് സഹകരണ സംഘം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കൈത്തറി തൊഴിലാളി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗമാണ്. നാടകപ്രവർത്തകനായ അദ്ദേഹം അമച്വർ–- പ്രൊഫഷണൽ നാടകരംഗത്ത് ഇന്നും സജീവമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..