തിരുവനന്തപുരം
ബസ് ഡിപ്പോയും വ്യാപാര കേന്ദ്രങ്ങളും നിറഞ്ഞ കിഴക്കേകോട്ടയിൽ റോഡ് മുറിച്ചുകടക്കുമ്പോൾ കാൽനട യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവാകുകയാണ്. അപകടം കുറയ്‌ക്കാൻ കാൽനട മേൽപ്പാലം ഉപയോഗിക്കൂ എന്നാണ് പൊലീസിന്റെയും കോർപറേഷന്റെയും അഭ്യർഥന.
റോഡ് അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് കോർപറേഷൻ നാലു കോടി രൂപ ചെലവഴിച്ച് 2022ൽ മേൽപ്പാലം നിർമിച്ചത്. സംസ്ഥാനത്തെതന്നെ ഏറ്റവും നീളം കൂടിയ ഈ മേൽപ്പാലത്തിന് 104 മീറ്ററാണ്.
വയോധികർക്കും രോഗികൾക്കും ഉൾപ്പെടെ സഞ്ചരിക്കാൻ രണ്ട് ലിഫ്റ്റുകളും സുരക്ഷ ഉറപ്പാക്കാൻ 40 സിസി ടിവിയും പൊലീസ് എയ്ഡ് പോസ്റ്റും ഉണ്ടായിട്ടും യാത്രക്കാർ മേൽപ്പാലത്തിൽ കയറുന്നില്ലെന്ന് പൊലീസ് പറയുന്നു. സെൽഫിയും റീൽസും എടുക്കാൻ യുവജനങ്ങളാണ് ഇത് ഉപയോഗിക്കുന്നത്.പതിനായിരത്തോളം കാൽനടയാത്രക്കാരാണ് കിഴക്കേകോട്ടയിലൂടെ പ്രതിദിനം സഞ്ചരിക്കുന്നത്.
ഗാന്ധിപാർക്കിന് സമീപത്ത് നിന്നാരംഭിക്കുന്ന മേൽപ്പാലം ആറ്റുകാൽ ബസ് സ്റ്റോപ്, കോവളം വിഴിഞ്ഞം ബസ് സ്റ്റോപ് എന്നിവിടങ്ങളിലൂടെ പാളയം, സ്റ്റാച്യു ബസ് സ്റ്റോപ്പുകളുടെ ഭാഗത്ത് അവസാനിക്കുന്നു. ഇതിൽ ഗാന്ധിപാർക്കിന് സമീപവും കോവളം ബസ് സ്റ്റോപ് ഭാഗത്തും ലിഫ്റ്റ് ഉണ്ട്.
ആറ്റുകാൽ ബസ് സ്റ്റോപ്, കോവളം ബസ് സ്റ്റോപ് ഭാഗം, പാളയം ഭാഗം, ഗാന്ധിപാർക്കിന് സമീപം എന്നിവിടങ്ങളിൽ ഇറങ്ങാനും കയറാനും സൗകര്യമുണ്ട്. നടപ്പാതയിൽ സ്ഥാപിക്കുന്ന പരസ്യത്തിൽനിന്നുള്ള വരുമാനത്തിലാണ് ഇതിന്റെ പ്രവർത്തനം. പരമാവധിപ്പേർ മേൽപ്പാലം ഉപയോഗിക്കാൻ ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തണമെന്ന് പ്രദേശത്തെ വ്യാപാരികൾ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..