തിരുവനന്തപുരം
ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ശിശുക്ഷേമ സമിതി 14 ജില്ലകളിലും "വർണോത്സവം -2024' കുട്ടികളുടെ കലാ, സാംസ്കാരിക മേളകൾ സംഘടിപ്പിക്കും. ജില്ലയിലെ നഴ്‌സറി മുതൽ ഹയർ സെക്കൻഡറിതലം വരെയുള്ള കുട്ടികളുടെ കലോത്സവം തിങ്കളാഴ്ച ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രസംഗമത്സരത്തോടെ കലാമേള തുടങ്ങും. 3000 കുട്ടികൾ പങ്കാളികളാകും. നവംബർ ഒന്നിന് രാവിലെ 10ന് ശിശുക്ഷേമ സമിതി ഹാളിൽ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും.
ശിശുക്ഷേമ സമിതി ഹാളിൽ കൂട്ടചിത്രരചനാ മത്സരവും നവംബർ ഒമ്പതി-ന് നഴ്‌സറി കലോത്സവവും നടക്കും. സമ്മാനദാനം നവംബർ 10-ന്.
ശിശുദിനമായ നവംബർ 14-ന് തിരുവനന്തപുരത്ത് ശിശുദിന റാലിയും പൊതുസമ്മേളനവും നിയന്ത്രിക്കുന്ന കുട്ടികളുടെ നേതാക്കളെ സംസ്ഥാനതല മലയാളം പ്രസംഗമത്സരത്തിൽനിന്ന് തെരഞ്ഞെടുക്കും.
തൈക്കാട് ശിശുക്ഷേമ സമിതി ഹാൾ, സംഗീത കോളേജ്, തൈക്കാട് മോഡൽ എൽപി സ്‌കൂൾ, ബിഎഡ് ട്രെയിനിങ് സെന്റർ, കെഎസ്ടിഎ ഹാൾ എന്നിവിടങ്ങളിൽ നാട്ടുപൂക്കളുടെ പേരിൽ തയ്യാറാക്കുന്ന വേദികളിലാണ് കലാമേള.
ചെമ്പരത്തി, കാക്കപ്പൂവ്, തുമ്പപ്പൂവ്, ആമ്പൽപ്പൂവ്, നന്ത്യാർവട്ടം, ചെമ്പകം, കൈതപ്പൂവ്, കനകാംബരം എന്നിങ്ങനെയാണ് വേദികളുടെ പേര്.
19 മാസം; ദത്തു നൽകിയത് 114കുട്ടികളെ
കഴിഞ്ഞ 19 മാസത്തിനുള്ളിൽ 114 കുട്ടികളെ ദത്തുനൽകി. അതിൽ ഇരട്ടക്കുട്ടികളുമുണ്ടായിരുന്നു. ഇത്ര കുറഞ്ഞ കാലയളവിൽ ഇത്രയധികം ദത്ത് നടക്കുന്നത് ആദ്യമായാണ്. കണ്ണൂരും തൃശൂരും പുതിയ സ്ഥാപനങ്ങൾ നവംബറോടെ ആരംഭിക്കും. ആറ്റിങ്ങലിൽ ആൺകുട്ടികൾക്കായി പ്രത്യേക കേന്ദ്രവും ആരംഭിക്കും. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി 289 കുട്ടികളാണ് സമിതിയുടെ മേൽനോട്ടത്തിലുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..