27 December Friday
മുഴുവൻ പ്രതികളെയും ഉടൻ 
പിടികൂടണം: വി ജോയി

സിപിഐ എം പ്രവർത്തകനെ ലഹരി മാഫിയാസംഘം വെട്ടിക്കൊന്നു

സ്വന്തം ലേഖകൻUpdated: Friday Dec 27, 2024

കൊലപാതകം നടന്ന സ്ഥലം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ സന്ദർശിക്കുന്നു

വർക്കല
പരസ്യമദ്യപാനവും ലഹരി ഉപയോഗവും തടയാൻ ശ്രമിച്ച സിപിഐ എം പ്രവർത്തകനെ ലഹരി മാഫിയാസംഘം വെട്ടിക്കൊലപ്പെടുത്തി. സിപിഐ എം വെട്ടൂർ പെരുമം ബ്രാഞ്ചംഗവും മത്സ്യത്തൊഴിലാളിയുമായ ചരുവിളവീട്ടിൽ ഷാജഹാനെ (65)യാണ്‌ ചൊവ്വ രാത്രി 8.30ന്‌  അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്‌. 
വെട്ടൂർ കേന്ദ്ര ജമാഅത്ത് പള്ളിക്ക് സമീപമാണ് സംഭവം. വെട്ടൂർ സ്വദേശികളായ ജാസിം, ഹായിസ്, നൂഹ്, സൈയ്ദലി, ആഷിർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ആക്രമിച്ചത്‌. ഇതിൽ താഴേ വെട്ടൂർ ഖദീജാമൻസിലിൽ ആഷിറിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.
പള്ളിയുടെ പരിസരത്ത്‌ യുവാക്കളുടെ മദ്യപാനം പതിവായിരുന്നു. ഇതിനെതിരെ ജമാഅത്ത് ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. ചൊവ്വ പകൽ മൂന്നംഗസംഘം വെട്ടൂർ പള്ളിക്കുസമീപം സ്വകാര്യ വസ്‌തുവിൽ ഷെഡ്കെട്ടി അതിനുള്ളിലിരുന്ന് മദ്യവും മയക്കുമരുന്നും  ഉപയോഗിച്ചത്‌ ഷാജഹാൻ വിലക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്‌തിരുന്നു. വർക്കല പൊലീസ്‌ എത്തിയതോടെ സംഘം ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ഷെഡ് അഴിച്ച് മാറ്റി. 2 ബൈക്കുകളും ലഹരി വസ്‌തുക്കളും പൊലീസ് പിടിച്ചെടുത്തിരുന്നു.
ചൊവ്വ രാത്രി നിസ്‌കാരം കഴിഞ്ഞ്‌ ബന്ധുവായ റഹ്‌മാന്റെ സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം. ഇരുമ്പ് കമ്പി ഉപയോഗിച്ച്‌   തലക്കടിച്ച് വീഴ്‌ത്തി. തുടർന്ന് വടിവാളും ഇരുമ്പ് കമ്പിയുമായി രണ്ടുപേരെയും മാരകമായി ആക്രമിച്ചു. 
റഹ്മാന്റെ ഇടത് കൈ അടിച്ചൊടിച്ചു. തലയ്ക്ക്‌ ആഴത്തിൽ മുറിവേറ്റ ഷാജഹാനെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന്  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി 12ന്‌  മരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, വർക്കല ഏരിയ സെക്രട്ടറി എം കെ യൂസഫ്‌, വെട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ  ഏറ്റുവാങ്ങി.ഖബറടക്കം വ്യാഴം രാവിലെ ഒമ്പതിന്‌ വെട്ടൂർ കേന്ദ്ര ജമാഅത്ത് പള്ളി കബർസ്ഥാനിൽ നടന്നു. ഭാര്യ: ജുമൈല. മക്കൾ: നാദർഷാൻ, നാദർഖാൻ, ഷാനിഫ. മരുമക്കൾ: അബു, ഷഹന, സാജിറ. മറ്റ് പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും സ്ഥലം സന്ദർശിച്ച ജില്ലാ പൊലീസ് മേധാവി കിരൺ നാരായൺ പറഞ്ഞു.   സയന്റിഫിക്,ഫോറൻസിക് സംഘവും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. 
മൃതദേഹവുമായി 
പ്രതിഷേധം
ലഹരിമാഫിയ വെട്ടിക്കൊലപ്പെടുത്തിയ ഷാജഹാന്റെ മൃതദേഹവുമായി ബന്ധുക്കൾ വർക്കല പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ലഹരി മാഫിയക്കെതിരെ പരാതി നൽകിയിട്ടും നടപടിയെടുത്തിട്ടില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.  
കൊന്നത് കുടുംബത്തിന്റെ ആശ്രയത്തെ
ലഹരിമാഫിയ സംഘം വെട്ടിക്കൊലപ്പെടുത്തിയ ഷാജഹാൻ കുടുംബത്തിന്റെ ആശ്രയമായിരുന്നു. മത്സ്യത്തൊഴിലാളിയായിരുന്ന അദ്ദേഹത്തിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാനം. മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) സജീവ പ്രവർത്തകനുമായിരുന്നു.
പ്രദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും പ്രിയങ്കരനായിരുന്നു അദ്ദേഹം. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ നാടുമുഴുവൻ അന്തിമോപചാരമർപ്പിക്കാനെത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ബി പി മുരളി, ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ, വെട്ടൂർ ലോക്കൽ സെക്രട്ടറി എസ് സുനിൽ,  ജനപ്രതിനിധികൾ,  വിവിധ മേഖലയിലെ തൊഴിലാളികൾ, പാർടി പ്രവർത്തകർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.  
 
മുഴുവൻ പ്രതികളെയും ഉടൻ 
പിടികൂടണം: വി ജോയി
വർക്കല
ഷാജഹാന്റെ കൊലപാതകത്തിലുൾപ്പെട്ട മുഴുവൻ പ്രതികളേയും ഉടന്‍ പിടികൂടണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക്‌ ഭീഷണിയാകുന്ന രീതിയിലുള്ള പരസ്യ മദ്യപാനവും ലഹരി ഉപയോഗവും പൊലീസിൽ അറിയിച്ചതിനാണ്‌ മത്സ്യത്തൊഴിലാളിയായ ഗൃഹനാഥനെ ലഹരി മാഫിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇത്   ഖേദകരവും പ്രതിഷേധാർഹവുമാണ്. അക്രമികൾ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ലഹരി മാഫിയക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് പോരാട്ടം തുടരും. മാഫിയ സംഘത്തിന്റെ രാഷ്ട്രീയബന്ധം പൊലീസ് അന്വേഷിക്കണം. ഇവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെയും വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top