കാട്ടാക്കട
ചെന്നൈയിൽനിന്ന് അനധികൃതമായി എത്തിയ മത്സ്യലോറി പൊലീസ് പിടികൂടി. പരിശോധനയിൽ യാത്രാപാസോ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് വാഹനം എത്തിയതെന്ന് കണ്ടെത്തി. ബുധനാഴ്ച പകൽ രണ്ടരയോടെ കാട്ടാക്കട പൊലീസ് ഇൻസ്‌പെക്ടർ ഹെൻഡേഴ്സന്റെ നേതൃത്വത്തിൽ നാക്രചിറയിൽ വാഹന പരിശോധനയ്‌ക്കിടെയാണ് സംഭവം.
തമിഴ്നാട്ടിൽനിന്നുള്ള ജെ ജെ എൻ എന്ന കണ്ടെയ്‌നർ ലോറിയാണ് പരിശോധിച്ചത്. അയലയും വങ്കടയും ഉൾപ്പെടെ 300 കിലോ മത്സ്യമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ചെന്നൈ കാശിമേട് മത്സ്യമാർക്കറ്റിൽനിന്ന് പൂവച്ചലുള്ള ഏജന്റിന് വേണ്ടിയാണ് മത്സ്യം എത്തിക്കാൻ വന്നതെന്ന് ഡ്രൈവർ പറഞ്ഞു. യാത്രാനുമതിക്കുള്ള രേഖകൾ വാഹനത്തിൽ ഉണ്ടായിരുന്നില്ല. സാനിറ്റൈസർ, മാസ്‌ക്, കൈയുറ തുടങ്ങി പ്രതിരോധ മാർഗങ്ങളും ഉപയോഗിച്ചിരുന്നില്ല.
തുടർന്നാണ് പൊലീസ് പഞ്ചായത്തിനും ആരോഗ്യ വകുപ്പിനും വിവരം നൽകിയത്. ഡ്രൈവറെ 14 ദിവസത്തേക്ക് മത്സ്യഏജന്റിന്റെ വീട്ടിൽ നിരീക്ഷണത്തിലാക്കാൻ ആരോഗ്യ വകുപ്പും പഞ്ചായത്തും തീരുമാനിച്ചു. ഇതിന്റെ ചെലവുകൾ ഏജന്റ് വഹിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കാട്ടാക്കട അഗ്നിരക്ഷാസേന എത്തി വാഹനം അണുവിമുക്തമാക്കി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..