03 November Sunday
ബിജെപി സഹകരണസംഘം തട്ടിപ്പ്‌

നിക്ഷേപകർ ഹൈക്കോടതിയിൽ ഹർജി നൽകും

സ്വന്തം ലേഖകൻUpdated: Wednesday Aug 28, 2024

തിരുവിതാംകൂർ സഹകരണ സംഘത്തിലെ നിക്ഷേപകർ 
അസിസ്റ്റന്റ് രജിസ്ട്രാറിനോട് പരാതി പറയുന്നു

തിരുവനന്തപുരം
ബിജെപി നേതൃത്വം നൽകുന്ന തിരുവിതാംകൂർ സഹകരണ സംഘത്തിലെ നിക്ഷേപകർ കോടതിയിലേക്ക്‌. പൊലീസിൽ പരാതി നൽകിയതിനുപിന്നാലെ ഹൈക്കോടതിയെ സമീപിക്കാനാണ്‌ തീരുമാനമെന്ന്‌ നിക്ഷേപകരുടെ കൂട്ടായ്‌മ അറിയിച്ചു. 
സംഘത്തിൽ ഈമാസം പിരിഞ്ഞുകിട്ടിയ 40 ലക്ഷത്തോളം രൂപ ചെലവഴിച്ചത്‌ എങ്ങനെയെന്ന്‌ അറിയാൻ നിക്ഷേപകർ ചൊവ്വാഴ്‌ച രാജാജി നഗറിലെ സഹകരണ അസിസ്റ്റന്റ്‌ രജിസ്‌ട്രാർ ഓഫീസിലെത്തി. പണം അത്യാവശ്യക്കാർക്ക്‌ വീതിച്ചുനൽകിയെന്ന അഡ്മിനിസ്ട്രേറ്ററുടെ മറുപടിയിൽ തൃപ്‌തിവരാതെയാണ്‌ നിക്ഷേപകർ എത്തിയത്‌. തങ്ങൾക്കും അത്യാവശ്യങ്ങൾ ഉണ്ടെന്നും എന്ത്‌ അടിസ്ഥാനത്തിലാണ്‌ പരാതിപ്പെടാത്തവർക്ക്‌ പണം നൽകിയതെന്നും നിക്ഷേപകർ ചോദിച്ചു. ശസ്‌ത്രക്രിയ ഉൾപ്പെടെയുള്ള അടിയന്തരാവശ്യങ്ങൾക്ക്‌ രേഖ ഹാജരാക്കിയവർക്കാണ്‌ പണം നൽകിയതെന്ന്‌ അസിസ്റ്റന്റ്‌ രജിസ്‌ട്രാർ ബിജു പ്രസാദ്‌ വിശദീകരിച്ചു. 
പരാതി നൽകിയ 112 ഓളം പേരും ഇതുപോലുള്ള അടിയന്തരഘട്ടങ്ങളിലൂടെ കടന്നുപോകുന്നവരാണെന്ന്‌ നിക്ഷേപകരും പറഞ്ഞു. മകളുടെ കല്യാണം നടത്താൻ കരുതിവച്ച എട്ടുലക്ഷം നിക്ഷേപിച്ച ചാല സ്വദേശിക്ക്‌ പകുതി പൈസയെങ്കിലും തിരിച്ചുലഭിക്കണം എന്നതായിരുന്നു ആവശ്യം. വ്യാഴാഴ്‌ചയാണ്‌ മകളുടെ കല്യാണം. നിശ്ചയിച്ച വിവാഹം രണ്ടുതവണ മാറ്റിവച്ചുവെന്നും മകളുടെ ജീവിതം തകർക്കരുതെന്നും അദ്ദേഹം അപേക്ഷിച്ചു. നാലുലക്ഷം ഉടൻ തിരിച്ചുവേണം എന്നാവശ്യപ്പെട്ട അദ്ദേഹത്തിന്‌ മൂന്നുലക്ഷം രൂപ അനുവദിക്കാമെന്ന്‌ അസി. രജിസ്‌ട്രാർ പറഞ്ഞു. മറ്റ്‌ നിക്ഷേപകരും അനുകൂലിച്ചു. 
പണം തിരിച്ചുകിട്ടുന്നതിനുവേണ്ടി ചിലർ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതിയുടെ നിർദേശം ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അസിസ്റ്റന്റ്‌ രജിസ്‌ട്രാർ പരാതിക്കാരെ അറിയിച്ചു. നിക്ഷേപത്തട്ടിപ്പിനെതിരേ ഫോർട്ട്‌ പൊലീസ്‌ ഇതുവരെ 28 കേസും മെഡിക്കൽ കോളേജ്‌ പൊലീസ്‌ മൂന്ന്‌ കേസും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌.  
എം എസ്‌ കുമാറിനെ കൈവിട്ട്‌ കെ സുരേന്ദ്രൻ
നിക്ഷേപത്തട്ടിപ്പ്‌ നടത്തിയ തിരുവിതാംകൂർ സഹകരണസംഘത്തിന്റെ മുൻ പ്രസിഡന്റും ബിജെപി മുൻ സംസ്ഥാന വക്താവുമായ എം എസ്‌ കുമാറിനെ കൈവിട്ട്‌ കെ സുരേന്ദ്രൻ. സംഘത്തിൽ ബിജെപി നേതാക്കൾ ആരുമില്ലെന്ന്‌ അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top