22 October Tuesday

സമ​ഗ്ര ലൈം​ഗിക വിദ്യാഭ്യാസം: പ്രോജക്ട് എക്സ് 
മൂന്നാംഘട്ടം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

പ്രോജക്ട് എക്സ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സമഗ്ര ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കൈപ്പുസ്തകം മന്ത്രി 
വി ശിവൻകുട്ടി വിദ്യാർഥികൾക്ക് നൽകി പ്രകാശിപ്പിക്കുന്നു

തിരുവനന്തപുരം > സ്‌കൂൾ വിദ്യാർഥികൾക്ക് സമഗ്ര ലൈംഗിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാ ഭരണവും കനൽ ഇന്നോവേഷൻസ് ചാരിറ്റബിൾ ട്രസ്റ്റും നടപ്പാക്കുന്ന പ്രോജക്ട് എക്സ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. കട്ടേല ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസിൽ നടന്ന ചടങ്ങിൽ  പ്രോജക്ട് എക്സ് മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ജില്ലാ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. 
 
ലൈംഗിക വിദ്യാഭ്യാസം കുട്ടികളുടെ വളർച്ചയുടെയും വികാസത്തിന്റെയും അത്യന്താപേക്ഷിത ഘടകമാണെന്ന് മന്ത്രി പറഞ്ഞു. ഉയർന്ന അക്കാദമിക്, പരിശീലന നിലവാരം പുലർത്തുന്ന പ്രൊഫഷണൽ കൗൺസിലർമാരുടെ സാന്നിധ്യം പദ്ധതിയുടെ ശക്തി വർധിപ്പിക്കുന്നുവെന്നും ഇത്തരം പരിവർത്തന സംരംഭങ്ങൾക്ക് എല്ലാവിധ പിന്തുണയും സർക്കാർ നൽകുമെന്നും മന്ത്രി അറിയിച്ചു. സമഗ്ര ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കൈപുസ്തകം മന്ത്രി വിദ്യാർഥികൾക്ക് നൽകി പ്രകാശിപ്പിച്ചു. ആദ്യഘട്ടത്തിൽ ജില്ലയിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ഉൾപ്പെടെ 50 സ്‌കൂളുകളിലെ 5530 വിദ്യാർഥികൾക്കാണ് പരിശീലനം നൽകിയത്. 
 
രണ്ടാംഘട്ടത്തിൽ ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ജില്ലയിലെ 100 സ്‌കൂളുകളിലെ 200 അധ്യാപകർക്ക് പരിശീലനം നൽകി. മൂന്നാംഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 150 സ്‌കൂളുകളിലെ 15,000 വിദ്യാർഥികൾക്ക് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം നൽകുകയാണ് ലക്ഷ്യം. ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമീഷണർ അധ്യക്ഷനായ കമ്മിറ്റിയാണ് ജില്ലയിലെ നടത്തിപ്പിന്റെ ചുമതല. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. കലക്ടർ അനുകുമാരി, സബ്കലക്ടർ ഒ വി ആൽഫ്രഡ്, അസിസ്റ്റന്റ് കലക്ടർ സാക്ഷിമോഹൻ, തിരുവനന്തപുരം നോർത്ത് എഇഒ വി എസ് സജി, എംആർഎസ് സൂപ്രണ്ട് എസ് ഷിനു, ഗൈഡ് ഹൗസ് ഇ ന്ത്യ കൺട്രി പാർട്‌നർ മഹേന്ദ്ര സിങ് റാവത്, കനൽ ഇന്നോവേഷൻസ് ഡയറക്ടർ ആൻസൺ പി ഡി അലക്‌സാണ്ടർ, പ്രോജക്ട് എക്സ് കോ ഓർഡിനേറ്റർ നിമ്മി അഗസ്റ്റിൻ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top