പാറശാല
യുട്യൂബർമാരായ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പാറശാല ചെറുവാരക്കോണം കിണറ്റുമുക്ക് പ്രീതു ഭവനിൽ സെൽവരാജ് (45), പ്രിയ (40) എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ സെൽവരാജിനെ തൂങ്ങിമരിച്ചനിലയിലും പ്രിയയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. പ്രിയയെ കൊന്ന ശേഷം സെൽവരാജ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് സംശയിക്കുന്നു.
മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ ഇവർ രണ്ടുപേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മകൻ സേതു എറണാകുളത്ത് ഹോം നഴ്സിങ് ട്രെയിനിയാണ്. മകൾ പ്രീതു ഭർത്താവുമൊത്ത് കോവളത്തുമാണ് താമസം. എറണാകുളത്തുനിന്ന് മകൻ വെള്ളി രാത്രി അച്ഛനമ്മമാരോട് ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ, ശനി രാവിലെ മുതൽ അച്ഛനെയും അമ്മയെയും ഫോണിൽ കിട്ടാത്തതിനെത്തുടർന്ന് രാത്രി പത്തോടെ സേതു വീട്ടിലെത്തിയപ്പോൾ വീടിന്റെ ഗേറ്റ് അകത്തുനിന്ന് പൂട്ടിയ നിലയിലും മുൻവശത്തെ വാതിൽ ചാരിയ നിലയിലുമായിരുന്നു.
വീട്ടിനുള്ളിൽ കയറി നോക്കിയപ്പോൾ മൃതദേഹങ്ങൾ കാണുകയായിരുന്നു. തുടർന്ന് നാട്ടുകാരെയും പാറശാല പൊലീസിനെയും വിവരമറിയിച്ചു. നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഷാജിയുടെയും പാറശാല എസ്എച്ച്ഒ എസ് എസ് സജിയുടെയും നേതൃത്വത്തിലെത്തിയ പൊലീസ് സംഘം മേൽനടപടി സ്വീകരിച്ചു.
ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്‌ധർ, ഡോഗ്സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ആത്മഹത്യയാകാനാണ് സാധ്യതയെന്നാണ് പ്രാഥമികമായി പൊലീസ് നിഗമനം. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കെട്ടിട നിർമാണ തൊഴിലാളിയാണ് സെൽവരാജ്.
വിടപറയുകയാണെന്ന്
അറിയിച്ച് മരണം
പാറശാല
വിടപറയുകയാണ് എൻ ജന്മം എന്ന പാട്ടോട് കൂടിയായിരുന്നു ദമ്പതികളായ യൂട്യൂബർമാരുടെ മരണ വാര്‍ത്തയും. ചെറുവാരക്കോണം കിണറ്റുമുക്ക് പ്രീതു ഭവനിൽ സെൽവരാജിനെയും ഭാര്യ പ്രിയയെയും ശനി രാത്രിയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സെല്ലൂസ് ഫാമിലി എന്ന തങ്ങളുടെ യൂട്യൂബ് ചാനലില്‍ അവസാനം പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ മരണത്തെക്കുറിച്ചായിരുന്നു. ഇരുവരുടെയും വിവിധ ഫോട്ടോകൾ ചേർത്തുള്ളതായിരുന്നു വീഡിയോ. പാചക വീഡിയോകള്‍ ഇറക്കിയാണ് ഇരുവരും താരങ്ങളായിരുന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. അഞ്ച് വർഷംമുമ്പേ ചെറുവാരക്കോണത്ത് താമസമാക്കിയ കുടുംബം പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ നല്‍കിയ വീട്ടിലായിരുന്നു താമസം.
നാട്ടുകാരുമായും അയല്‍വാസികളുമായി കൂടുതൽ ബന്ധമില്ലായിരുന്നെങ്കിലും ഇരുവരും തമ്മിൽ സന്തോഷകരമായ ജീവിതമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ചെറിയ രീതിയിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്ന് പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. എന്നാലും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണത്തിന്റെ കാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..