തിരുവനന്തപുരം
സുസ്ഥിര വികസനത്തിന് കോർപറേഷന് ലഭിച്ച അംഗീകാരങ്ങൾ ഉൾക്കൊള്ളാനാകാതെ കൗൺസിൽ യോഗം അലങ്കോലപ്പെടുത്തി ബിജെപി, യുഡിഎഫ് കൗൺസിലർമാർ. ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗമാണ് ഇരുമുന്നണികളും അലങ്കോലപ്പെടുത്തിയത്. യോഗം ആരംഭിച്ചപ്പോൾ അനുമോദന പ്രമേയം അവതരിപ്പിക്കുന്നതായി മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞതിനു തൊട്ടുപിന്നാലെ ബിജെപി അംഗങ്ങൾ സീറ്റിൽനിന്ന് ഇറങ്ങി മുദ്രാവാക്യം വിളിച്ചു.
മേയർ സംസാരിക്കുന്നത് തടസ്സപ്പെടുത്തി. എല്ലാകാര്യങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞെങ്കിലും അവർ തയ്യാറായില്ല. മേയറുടെ ചേംബറിന് മുന്നിലെത്തി ബഹളംവച്ചു.
അഴിമതി ആരോപണം ഉന്നയിച്ചവർക്കും വ്യക്തിപരമായി അധിക്ഷേപിച്ചവർക്കുമുള്ള മറുപടിയാണ് സമീപ ദിവസങ്ങളിൽ നഗരസഭയ്ക്കു ലഭിച്ച അവാർഡുകളെന്ന് മേയർ മറുപടി പറഞ്ഞു. യുഎൻ ഷാങ്ഹായ് ഗ്ലോബൽ അവാർഡ്, സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി സൗഹൃദ അവാർഡ് എന്നിവ ഏറ്റവും വലിയ അംഗീകാരമാണെന്നും അവർ പറഞ്ഞു. കോൺഗ്രസ് അംഗങ്ങളും വാർഡ് വിഭജനത്തിന്റെ ഫ്ലക്സ് ഉയർത്തിക്കാട്ടി യോഗം ബഹിഷ്‌കരിക്കുന്നതായി അറിയിച്ചു.
തുടർന്ന് ബാനറുമായി മേയറുടെ ചേംബറിന് മുന്നിൽനിന്നു. കുശുമ്പിന് മരുന്നില്ലെന്നും മേയർ അവാർഡ് വാങ്ങിയതിന്റെ അങ്കലാപ്പാണ് ബിജെപിക്കും യുഡിഎഫിനുമെന്നും ഡെപ്യൂട്ടി മേയർ പി കെ രാജു പറഞ്ഞു. ചരിത്രം തിരുത്തിക്കുറിച്ച അവാർഡാണ് ലഭിച്ചതെന്ന് അഭിനന്ദന പ്രമേയത്തെ പിന്തുണച്ച് ഡി ആർ അനിൽ പറഞ്ഞു. പ്രതിഷേധം തുടരുന്നതിനിടെ വിവിധ അജൻഡകൾ യോഗം പാസാക്കി പിരിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..