പാറശാല
വാഹനാപകടത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ ഇടിച്ച കാറിന്റെ ഡ്രൈവറെ കണ്ടെത്തി പൊലീസ്. കാരോട് അയിര പ്ലാങ്കാല കടൈവിളവീട്ടിൽ എസ് ചെല്ലക്കണ്ണാണ് (77) കഴിഞ്ഞ എട്ടിന് കാറിടിച്ച് മരിച്ചത്. കന്യാകുമാരി കാഞ്ചാംപുറം ആറുദേശം അരുവാൻപൊറ്റൈ വീട്ടിൽ ആൽബിൻ ജോസാണ് (39) കാർ ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റുചെയ്തു.
ചെങ്കവിള അയിര പനങ്കാല ജങ്‌ഷനുസമീപം കഴിഞ്ഞ എട്ടിന് പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ പാറശാല ഭാഗത്തുനിന്ന് ഊരമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ചെല്ലക്കണ്ണിനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കാർ ഡ്രൈവർ അതേ കാറിൽ കയറ്റി മാർത്താണ്ഡം വെട്ടുമണി ആശുപത്രിയിലും അവിടെനിന്ന് ആംബുലൻസിൽ നാഗർകോവിലിലെ ആശാരിപള്ളം മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചു. ചികിത്സയ്ക്കിടെ രാവിലെ 9.15 ഓടെ മരണപ്പെടുകയായിരുന്നു. എന്നാൽ ഇടിച്ച വാഹനത്തെക്കുറിച്ചോ ഡ്രൈവറെക്കുറിച്ചോ യാതൊരു വിവരവുമില്ലായിരുന്നു.
തുടർന്ന് പൊഴിയൂർ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊഴിയൂർ എസ്എച്ച്‌ഒ ആസാദ് അബ്ദുൾ കലാമിന്റെ നേതൃത്വത്തിലുള്ള സംഘം സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് വാഹനത്തെയും ഡ്രൈവറെയും കണ്ടെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..