28 December Saturday

ബന്ധുക്കൾ തമ്മിലുള്ള തർക്കം: 
3 പേർക്ക് വെട്ടേറ്റു

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024

വിമൽ ദാസ്, അഖിൽ, ജോജോ

കഴക്കൂട്ടം
ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. 10 പേർക്കെതിരെ കേസെടുത്തു. കേസിൽ അഞ്ചുപേർ പിടിയിലായി. പള്ളിത്തുറ സ്വദേശികളായ വിമൽദാസ് (35), ജോജോ (25), അഖിൽ (35), തുമ്പ സ്വദേശികളായ അജിത്ത് (28), ഷെബിൻ (25) എന്നിവരാണ് തുമ്പ പൊലീസിന്റെ പിടിയിലായത്. ക്രിസ്മസ് ദിനത്തിൽ പുലർച്ചെ ആയിരുന്നു സംഭവം. വിമൽദാസും ജോജോയും അഖിലും ചേർന്ന് മുൻ വിരോധം പറഞ്ഞുതീർക്കാനെന്ന വ്യാജേനെ സഹോദരങ്ങളായ നെവിൻ, നിബിൻ എന്നിവരെ വിളിച്ചുവരുത്തി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വെട്ടുകൊണ്ട നെവിനും നിബിനും സുഹൃത്തുക്കളായ അജിത്തും ഷെബിനും ചേർന്ന് പ്രതികളിൽനിന്ന്‌ മാരകായുധങ്ങൾ പിടിച്ചുവാങ്ങി വിമൽദാസിനെ വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങൾ ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. ഇതിൽ വിമൽദാസിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ അജിത്തും ഷെബിനും പൊലീസ് പിടിയിലായി. നെവിനും നിബിനും എതിരെയും തുമ്പ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്‌. വെട്ടാൻ ഉപയോഗിച്ച മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top