05 November Tuesday
കേൾക്കൂ പോരാട്ടത്തിന്റെ വിജയഗാഥ

ഇത്‌ ഞങ്ങളുടെ പുതുജീവിതം

വി എസ്‌ വിഷ്‌ണുപ്രസാദ്‌Updated: Monday Jul 29, 2024

ഇംഗ്ലീഷ്‌ ഇന്ത്യ ക്ലേ ഫാക്ടറിയിലെ തൊഴിലാളികൾ ക്ലേവർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ക്ലൈനസ്‌ റൊസാരിയയോടൊപ്പം

തിരുവനന്തപുരം

നാലുവർഷത്തെ ഇടവേളയ്‌ക്കുശേഷം വേളിയിലെ ഇംഗ്ലീഷ്‌ ഇന്ത്യ ക്ലേ ഫാക്ടറിയിൽ ബുധനാഴ്‌ച വീണ്ടും സൈറൺ മുഴങ്ങും. ഒരുപാട്‌ സ്വപ്‌നങ്ങൾ കണ്ട മുറ്റത്തേക്ക്‌ അവർ വീണ്ടുമെത്തും. ശേഷിക്കുന്ന ജീവിതം കരുപ്പിടിപ്പിക്കാൻ, പോരാട്ടങ്ങൾ നൽകിയ കരുത്തുമായി. 

കമ്പനി വീണ്ടും തുറക്കുന്നതിന്റെ സന്തോഷത്തിലാണ്‌ തൊഴിലാളികളായ വിപിൻ, മണിലാൽ, സുനിൽ കുമാർ, രാഗേഷ്, അയ്യപ്പൻ തുടങ്ങിയവർ. 2020 ആഗസ്‌ത്‌ ഒമ്പതിന്‌ പൊടുന്നനെ പൂട്ടിയപ്പോൾ അതുവരെ നെയ്‌തെടുത്ത ജീവിതം ഒരു നിമിഷംകൊണ്ട്‌ പെരുവഴിയിലായി എന്ന്‌  കരുതി. പക്ഷേ, വർഷങ്ങളോളം  പ്രവർത്തിച്ച തൊഴിലാളികൾക്കുവേണ്ടി സിഐടിയു രംഗത്തിറങ്ങി. തൊഴിലും അവകാശങ്ങളും നേടിയെടുക്കുന്നതിനുള്ള  സമരത്തിനാണ്‌ ജില്ലാ ക്ലേവർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) നേതൃത്വം നൽകിയത്‌. ഐഎൻടിയുസി ഉൾപ്പെടെയുള്ള   സംഘടനകളും പങ്കാളികളായി. 

വിവിധ മേഖലകളിലായി 800 തൊഴിലാളികളുണ്ടായിരുന്നു  വേളി ക്ലേ ഫാക്ടറിയിൽ. അസംസ്‌കൃത വസ്‌തുക്കൾ കിട്ടാനില്ലെന്ന കാരണത്താൽ അടച്ചുപൂട്ടിയപ്പോഴും കമ്പനി ലാഭത്തിലായിരുന്നു. തുച്ഛമായ ആനുകൂല്യങ്ങൾ വാങ്ങി പലരും  മടങ്ങിയപ്പോൾ സിഐടിയുവിന്റെകീഴിൽ 150  തൊഴിലാളികൾ സമരം തുടർന്നു. ഇതിൽ 45 പേരാണ്‌ ബുധനാഴ്‌ച  കമ്പനി തുറക്കുമ്പോൾ ജോലിക്കു കയറാനൊരുങ്ങുന്നത്‌.

ജീവിതം കെട്ടിപ്പടുത്തത്‌ ഇവിടെനിന്ന്‌ 

‘‘ഇവിടെനിന്നുള്ള ശമ്പളവും ആനുകൂല്യങ്ങളുംകൊണ്ടാണ്‌ ഞങ്ങൾ ജീവിതം കെട്ടിപ്പടുത്തത്‌. പെട്ടെന്ന്‌ കമ്പനി പൂട്ടിയപ്പോൾ ഞങ്ങൾ പെരുവഴിയിലായി. സിഐടിയുവിന്റെ നേതൃത്വത്തിൽ നടത്തിയപോരാട്ടമാണ്‌ അസാധ്യമെന്നു കരുതിയത്‌ സാധ്യമാക്കിയത്‌’’ –- ക്ലേവർക്കേഴ്‌സ്‌ യൂണിയൻ വേളി യൂണിറ്റ്‌ സെക്രട്ടറി വിപിൻ കുമാറും പ്രസിഡന്റ്‌ സുനിൽകുമാറും പറഞ്ഞു. ‘‘കമ്പനി പൂട്ടിയതോടെ ഞങ്ങളുടെ ലോണുകൾ തിരിച്ചടവ്‌ മുടങ്ങി. മക്കളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായി. പിടിച്ചുനിൽക്കാനായി ഓട്ടോറിക്ഷയോടിച്ചു. കൂലിപ്പണിയും ഓൺലൈൻ ഭക്ഷണവിതരണവും ഉൾപ്പെടെ ചെയ്‌താണ്‌ കുടുംബം നോക്കിയത്‌’’ – മണിലാലും രാഗേഷും അയ്യപ്പനും ഉൾപ്പെടെയുള്ളവർ പറഞ്ഞു. ബുധനാഴ്‌ച തങ്ങൾക്ക്‌ പുതിയ ജീവിത  പ്രവേശനമാണ്‌. അതിനുവേണ്ടി കൂടെനിന്ന സിഐടിയുവിനും എൽഡിഎഫ്‌ സർക്കാരിനും തൊഴിൽ വ്യവസായ വകുപ്പുകൾക്കും നന്ദി അറിയിക്കുന്നതായും തൊഴിലാളികൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top