27 December Friday
യുട്യൂബർ ദമ്പതിമാരുടെ മരണം: ദുരൂഹതയകലുന്നില്ല

ഭാര്യയെ കൊന്നശേഷം സെൽവരാജ്‌ തൂങ്ങിമരിച്ചതെന്ന്‌ നിഗമനം

സ്വന്തം ലേഖകൻUpdated: Tuesday Oct 29, 2024
പാറശാല
യുട്യൂബർ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പാറശാല ചെറുവാരക്കോണം കിണറ്റുമുക്ക് പ്രീതു ഭവനിൽ സെൽവരാജ് (45), പ്രിയ (40) എന്നിവരെയാണ് ശനി രാത്രി വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്‌തതാണെന്ന്‌ ആദ്യം കരുതിയതെങ്കിലും വിശദമായ അന്വേഷണത്തിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം സെൽവരാജ് തൂങ്ങിമരിച്ചെന്ന നിഗമനത്തിലാണ് പൊലീസ്. 
പ്രിയയുടെ കഴുത്തിലെ പാടുകളും മരിച്ചുകിടന്ന കട്ടിലിനു സമീപത്തുനിന്ന് ലഭിച്ച ചരടും ഈ സംശയം ബലപ്പെടുത്തുന്നു. പ്രിയയുടെ മൃതദേഹത്തിന് പഴക്കം കൂടുതലാണെന്നതും ഈ നിഗമനം ശരിവയ്‌ക്കുന്നു.
പ്രിയയെ കൊലപ്പെടുത്തി മണിക്കൂറുകൾ കഴിഞ്ഞാകാം സെൽവരാജ് തൂങ്ങിമരിച്ചത്‌. എന്നാൽ, മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്തേണ്ടതുണ്ട്‌. ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി അറിവില്ലെന്നാണ്‌ ബന്ധുക്കളും അയൽവാസികളും പറയുന്നത്. യുട്യൂബ് ചാനലിൽ അവസാനമായി ലൈവ് വീഡിയോ പോസ്റ്റ് ചെയ്‌തത് കഴിഞ്ഞ വ്യാഴം രാത്രിയായിരുന്നു. ഇതിൽ സന്തോഷവതിയായാണ്‌ പ്രിയയെ കണ്ടത്‌. ഇടയ്‌ക്ക്‌ കണ്ണുതുടയ്‌ക്കുന്നതായും കാണുന്നുണ്ട്‌. വെള്ളി രാത്രി, വിട പറയുകയാണെൻ ജന്മം... എന്ന സിനിമാ പാട്ടിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും വിവിധ ഫോട്ടോകൾ ചേർത്തുള്ള വീഡിയോ ആയിരുന്നു അവസാനം പോസ്റ്റ് ചെയ്‌തത്. 
വീഡിയോ മുൻകൂട്ടി തയ്യാറാക്കി വച്ചതായാണ് നിഗമനം. വെള്ളി രാത്രിമുതലേ വീട്ടിൽ വെളിച്ചമില്ലായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. വെള്ളി വൈകിട്ട്‌ എറണാകുളത്തുനിന്ന് മകൻ സേതു ഇവരുമായി സംസാരിച്ചിരുന്നു. പിന്നീട്‌ ഇവരെ ഫോണിൽ കിട്ടാത്തതിനെത്തുടർന്ന് ശനി രാത്രി വീട്ടിലെത്തി നോക്കിയപ്പോഴാണ് കിടപ്പുമുറിയിലെ ഫാനിൽ സെൽവരാജിനെ തൂങ്ങിയനിലയിലും പ്രിയയെ അതേ മുറിയിലെ കട്ടിലിലും മരിച്ചതായി കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top