22 December Sunday

മുതലപ്പൊഴിയിൽ പുലിമുട്ട് 
പുനർനിർമാണം പുരോഗമിക്കുന്നു

സ്വന്തം ലേഖകൻUpdated: Tuesday Oct 29, 2024

ആദ്യഘട്ടനിർമാണം പൂർത്തിയായ മുതലപ്പൊഴിയിലെ തെക്ക് ഭാഗത്തെ പുലിമുട്ട്

ചിറയിൻകീഴ്
മുതലപ്പൊഴിയിൽ തെക്കുഭാഗത്തെ പുലിമുട്ട് പുനർനിർമാണം പുരോഗമിക്കുന്നു. അദാനി തുറമുഖ കമ്പനി പൊളിച്ച ഭാഗമാണ്‌ പുനർ നിർമിക്കുന്നത്. പ്രവൃത്തികൾ മൂന്ന് ഘട്ടമായി പൂർത്തിയാക്കും. 10 മുതൽ 200 കിലോ വരെയുള്ള കല്ലുകൾ അടിഭാഗത്ത് ഇടുന്ന ആദ്യ ലെയർ നിർമാണം പൂർത്തിയായി. രണ്ടാംഘട്ടത്തിൽ 200 മുതൽ 400 കിലോ വരെയുള്ള കല്ലുകളിടും. 3000 മുതൽ 5000 കിലോ വരെയുള്ള കല്ലുകൾ അവസാന ഘട്ടത്തിൽ അടുക്കും. 
വിഴിഞ്ഞം തുറമുഖ നിർമാണത്തിലേക്കാവശ്യമായ കല്ലുകൾ കടൽമാർഗം കൊണ്ടുപോകാനായി അദാനി തുറമുഖ കമ്പനി വാർഫ് നിർമിക്കുന്നതിനായാണ് 600 മീറ്റർ നീളമുള്ള പുലിമുട്ടിന്റെ 170 മീറ്റർ 2018ൽ പൊളിച്ചു നീക്കിയത്. ഇതാണ് പുനർനിർമിക്കുന്നത്. 
വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാകുമ്പോൾ പുലിമുട്ട് പുനർനിർമിക്കാമെന്ന് സർക്കാരുമായി അദാനികമ്പനി കരാറിലേർപ്പെട്ടിരുന്നു. കമ്പനി വരുത്തിയ അനാസ്ഥയാണ് പുലിമുട്ട് നിർമാണം വൈകിച്ചത്‌. പുലിമുട്ട് പൊളിച്ചതോടെ കായലിൽ നിന്ന് കടലിലേക്ക് ഒഴുകി വരുന്ന മണ്ണ് വാർഫിനോട് ചേർന്നടിഞ്ഞ് വള്ളങ്ങളുടെ സഞ്ചാരത്തിന് തടസ്സമുണ്ടാക്കിയിരുന്നു. അഴിമുഖചാനലിൽ ഡ്രഡ്‌ജിങ് നടത്തി ആഴംകൂട്ടി ബാർജ് അടുപ്പിച്ചാണ് വിഴിഞ്ഞത്തേക്ക്‌ പാറകൊണ്ടുപോയിരുന്നത്. പാറ നീക്കം അവസാനിച്ചതോടെ ഡ്രഡ്‌ജിങ്ങും കമ്പനി അവസാനിപ്പിച്ചു. 
അപകടങ്ങളും അപകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളികൾ മരിക്കുന്നതും പതിവായതോടെ മന്ത്രി സജി ചെറിയാൻ പുലിമുട്ട് നിർമിക്കാൻ അദാനി കമ്പനിക്ക്‌ നിർദേശം നൽകിയിരുന്നു. രണ്ടുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കാമെന്നാണ് നിഗമനം. ഇതോടെ കായലിൽ നിന്നുള്ള മണൽ ഒഴുക്കും സുഗമമാകുമെന്നാണ്‌ പ്രതീക്ഷ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top