ചിറയിൻകീഴ്
ആനത്തലവട്ടം ചൂണ്ടക്കടവിലുണ്ടായ തർക്കത്തിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികൾ അറസ്റ്റിലായി. വയലില്‍ക്കട ജങ്‌ഷനു സമീപം അനന്തന്‍തിട്ട വീട്ടില്‍ അരുണ്‍സുധാകര്‍ (അച്ചു, 31), കൂട്ടുംവാതുക്കല്‍ ശിവന്‍ കോവിലിനു സമീപം മോളി ഭവനില്‍ അനൂപ് (40), ഇവരെ ഒളിവില്‍ കഴിയാൻ സഹായിച്ച കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് ശാസ്താംനട ക്ഷേത്രത്തിനു സമീപം വിളയില്‍ വീട്ടില്‍ രാജേഷ് (വെള്ളയപ്പം, 50) എന്നിവരെയാണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.
കടയ്ക്കാവൂർ ദേവരുനട ക്ഷേത്രത്തിനു സമീപം തുണ്ടത്തില്‍ വീട്ടില്‍ വിഷ്ണു (25) വിനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ 22നായിരുന്നു കേസിനാസ്പദമായ സംഭവം. വിഷണുവും പ്രതികളും തമ്മിൽ ചൂണ്ടയിട്ട് പിടിക്കുന്ന മീനിന്റെ വിലയുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. കേസിലെ മുഖ്യ പ്രതിയായ ഓട്ടോ ജയൻ ഒളിവിലാണ്.
കൊല്ലപ്പെട്ട വിഷ്ണുവിന്റെ സുഹൃത്ത് മാമം നട സ്വദേശി ജിജുവിനെ പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ ജയിലിലാണ്. വിഷ്ണുവിനെ ആദ്യം ആക്രമിച്ചത് ജിജുവാണ്. കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ഓട്ടോ ജയൻ ജിജുവിൽനിന്ന് കത്തി പിടിച്ചുവാങ്ങി വിഷ്ണുവിനെ കുത്തുകയായിരുന്നു.
ആറ്റിങ്ങല്‍ ഡിവൈഎസ്‌പി മഞ്ചുലാലിന്റെയും ചിറയിന്‍കീഴ് ഇന്‍സ്‌പെക്ടര്‍ വിനീഷ് വി എസിന്റെയും നേതൃത്വത്തില്‍ ചിറയിന്‍കീഴ് പൊലീസും ഡാന്‍സാഫ് ടീമംഗങ്ങളും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..