29 December Sunday

കോൺഗ്രസ്‌ ഭരിക്കുന്ന ബാങ്കിന്റെ ക്രൂരത; ജപ്‌തിയുടെ പേരിൽ വയോധികയെ വീട്ടിൽനിന്ന്‌ ഇറക്കിവിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024

ജപ്തി ചെയ്ത വീടിനു മുന്നിൽ യശോദ

നെടുമങ്ങാട്> വയോധികയെയും കുടുംബത്തിനെയും വീട്ടിൽനിന്ന് ഇറക്കി വിട്ട്‌ കോൺഗ്രസ്‌ ഭരിക്കുന്ന ബാങ്കിന്റെ ക്രൂരത. നെടുമങ്ങാട് അര്‍ബൻ ബാങ്ക്‌ അധികൃതരാണ്‌ നിർധനരായ കുടുംബത്തോട്‌ ക്രൂരതകാട്ടിയത്‌. വെമ്പായം മുക്കമ്പാലമൂട് ഇടവിളാകത്തു വീട്ടില്‍ യശോദ (85)യെയും കുടുംബത്തെയുമാണ് ജപ്‌തി നടപടികളുടെ ഭാഗമായി വീട്ടിൽനിന്ന് ഇറക്കിവിട്ടത്‌.
 
വെള്ളി വൈകിട്ട് നാലരയോടെ വീട്ടിലെത്തിയ ബാങ്ക്‌ അധികൃതരോട്‌ അരമണിക്കൂർ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ യശോദയും കുടുംബവും കാലുപിടിച്ച്‌ അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല. 2016ല്‍ എടുത്ത ഒന്നര ലക്ഷം രൂപയുടെ വായ്‌പയുടെ ബാക്കി തുക അടയ്‌ക്കാത്തതിനാണ്‌ നടപടി. നാലുസെന്റ് പുരയിടവും പഞ്ചായത്ത് അനുവദിച്ച ചെറിയ വീടും മാത്രമാണ് യശോദയുടെ സമ്പാദ്യം. ഏക മകള്‍ പ്രഭകുമാരിയും കുടുംബവും ഈ വീട്ടിലാണു താമസം. യശോദയുടെ ഭര്‍ത്താവ് മൂന്നുവർഷം മുമ്പ്‌ മരിച്ചു. ഇരുവരും കൂലിവേലചെയ്‌ത തുകയും ചേർത്താണ്‌ വീട്‌ നിർമിച്ചത്‌.
 
വീട്‌ ചോർന്നൊലിച്ചുതുടങ്ങിയപ്പോൾ അറ്റകുറ്റപ്പണികൾക്കായാണ്‌ വായ്‌പ എടുത്തത്‌. ജോലിചെയ്‌ത്‌ വായ്‌പ കൃത്യമായി അടച്ചുകൊണ്ടിരിക്കവേയാണ്‌ യശോദയുടെ ഭര്‍ത്താവ് അസുഖ ബാധിതനായി കിടപ്പിലാകുന്നത്. ഭര്‍ത്താവ് മരിച്ചതോടെ അടവ് നിലച്ചു. മകള്‍ പ്രഭകുമാരിയുടെ ഭര്‍ത്താവ് സജിമോന്‍ ജോലി ചെയ്തുകിട്ടുന്ന തുകയില്‍ ഒരുവിഹിതംകൊണ്ട് ലോണ്‍കുടിശ്ശിക തീര്‍ക്കാന്‍ ശ്രമം ആരംഭിച്ചു. അപകടത്തില്‍പ്പെട്ട്‌ കാലുകള്‍ക്ക് ഗുരുതര പരിക്കേറ്റ് സജികുമാർ കിടപ്പിലായി. ബാങ്ക്‌ പ്രസിഡന്റിനെയും അധികൃതരെയും കാര്യങ്ങൾ ബോധിപ്പിച്ചിട്ടും വിട്ടുവീഴ്‌ച ചെയ്‌തില്ല. ജപ്തി നോട്ടീസ്‌ ലഭിച്ചപ്പോള്‍ പതിനയ്യായിരത്തോളം രൂപ അടച്ച് സമയം നീട്ടിച്ചോദിച്ചിരുന്നു.
വീട്ടുസാധനങ്ങളും തുണികളുമുൾപ്പെടെ പുറത്തേക്ക്‌ വലിച്ചെറിഞ്ഞാണ്‌ കുടുംബത്തെ ഇറക്കിവിട്ടത്‌. വീട്ടുമുറ്റത്താണ്‌ കുടുംബം ഇപ്പോൾ അന്തിയുറങ്ങുന്നത്‌. 
 
ബാങ്ക്‌ അധികൃതരുടെ മനഃസാക്ഷി രഹിത നടപടിയില്‍ വ്യാപക പ്രതിഷേധമുയരുകയാണ്‌. സിപിഐ എം ഏരിയ സെക്രട്ടറി കെ പി പ്രമോഷിന്റെ നേതൃത്വത്തില്‍ സെക്രട്ടറി കെ പി പ്രമോഷിന്റെ നേതൃത്വത്തില്‍ നേതാക്കളും മന്ത്രി ജി ആര്‍ അനിലും യശോദയെയും കുടുംബത്തെയും സന്ദര്‍ശിച്ചു. ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്കിലേക്ക്‌ മാര്‍ച്ചും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം എൽ എസ് ലിജു ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ എൻ നിഷാദ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ ആർ രഞ്ജിത് കൃഷ്ണ, മനു, അനീഷ്, അഖിൽ അരുൺ, വിമൽ, അഭിനവ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top