29 December Sunday

വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡ്: 1629 കോടിയുടെ ബാധ്യത ഏറ്റെടുത്തിട്ടും പദ്ധതി വൈകിപ്പിക്കുന്നത് കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024
തിരുവനന്തപുരം> വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ്‌ റോഡിനായി 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടും പദ്ധതി വൈകുന്നത് കേന്ദ്ര സ‌ർക്കാരിന്റെ നടപടി കാരണം. ഭൂമി ഏറ്റെടുക്കുന്നതിൽ അടക്കം സാങ്കേതികത്വം പറഞ്ഞു തടസ്സമുണ്ടാക്കാനാണ് ശ്രമം. കഴിഞ്ഞവർഷം ഔട്ടർ റിങ്‌ റോഡിനായി പ്രാഥമിക വിജ്ഞാപനം (3എ) പ്രസിദ്ധീകരിച്ചെങ്കിലും സംസ്ഥാനവിഹിതം സംബന്ധിച്ച് കേന്ദ്രസർക്കാർ നിർബന്ധം പിടിച്ചതോടെയാണ് നടപടി നീണ്ടത്. ഇതോടെ ആദ്യഘട്ട വിജ്ഞാപനം റദ്ദായിരുന്നു. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ കെട്ടിടത്തിന്റെ കാലപ്പഴക്കം അനുസരിച്ചേ പണം നൽകാനാകൂയെന്നും കേന്ദ്ര സർക്കാർ നിർബന്ധം പിടിച്ചു. 
 
പദ്ധതി നീണ്ടതോടെ 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ ആ​ഗസ്‌തിൽ അംഗീകാരവും നൽകിയിരുന്നു. ഭൂമി ഏറ്റെടുക്കലിന്റെ അമ്പത് ശതമാനം തുക സംസ്ഥാനം നൽകും. ഇത്രയൊക്കെ ചെയ്തിട്ടും 91.5 ഹെക്‌ടർ സ്ഥലം ഏറ്റെടുക്കുന്നതിനായി സർവേ നടത്തി കല്ലുകൾ സ്ഥാപിക്കുക മാത്രമാണ് ചെയ്‌തത്. തുടർ നടപടിയില്ലാത്തതിനാൽ ഭൂവുടമകളെല്ലാം ദുരിതത്തിലാണ്. ഭൂവുടമകൾക്ക് വസ്‌തു പണയമെടുത്തി വായ്‌പ എടുക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ കഴിയാത്ത സ്ഥിതിയാണ്. റിങ് റോഡ് നിർമാണം ഉടൻ ആരംഭിക്കണമെന്ന് സിപിഐ എം ജില്ലാ സമ്മേളനവും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

ജനുവരിയിൽ പണം നൽകാനാകുമെന്ന് അധികൃതർ
 
ആദ്യഘട്ടത്തിൽ 314 ഹെക്‌ടർ ഭൂമി ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി പുതിയ വിജ്ഞാപനം കഴിഞ്ഞ മാസമാണ് പ്രസിദ്ധീകരിച്ചത്. 
വിജ്ഞാപന പ്രകാരം  ഭൂമി വിട്ടുനൽകിയവരുടെ പണം ജനുവരിയോടെ കൊടുക്കാനാകുമെന്ന് അധികൃതർ പറയുന്നു. വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ ഉണ്ടാകാവുന്ന വലിയ തോതിലുള്ള കണ്ടെയ്നർ നീക്കമടക്കം കണക്കിലെടുത്താണ് പദ്ധതി രൂപകൽപ്പന ചെയ്‌തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top