29 December Sunday
സ്കൂൾ കലോത്സവത്തിന്‌ ഇനി 6 നാൾ

തൂശനിലയിൽ രുചിയേറും സദ്യ; മധുരമൂറും പായസം

സ്വന്തം ലേഖകൻUpdated: Sunday Dec 29, 2024
തിരുവനന്തപുരം
മൂന്ന്‌ ഒഴിച്ചുകറിയും അഞ്ചു തൊടുകറിയുംകൂട്ടി വാഴയിലയിൽ ഉഗ്രൻ സദ്യ. ഒപ്പം മധുരമൂറും പായസവും. പ്രഭാതഭക്ഷണത്തിന്‌ ഉപ്പുമാവോ ഇഡ്ഡലിയോ. അത്താഴത്തിന്‌ ചോറും കറികളും. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭക്ഷണപ്പുര വിഭവസമൃദ്ധമാകും. 
പുത്തരിക്കണ്ടം മൈതാനത്താണ്‌ ഇക്കുറി ഭക്ഷണശാല. ജനുവരി മൂന്നിന്‌ അത്താഴത്തോടെ ഭക്ഷണപ്പുര സജീവമാകും. ഒരേസമയം നാലായിരം പേർക്ക്‌ ഭക്ഷണം കഴിക്കാവുന്ന പന്തലാണ്‌ ഉയരുന്നത്‌. 200 പേർക്ക്‌ ഇരിക്കാവുന്ന 20 നിരയായാണ്‌ ഇരിപ്പിടം ക്രമീകരിക്കുക. ഓരോ നിരയ്‌ക്കും സദ്യവട്ടങ്ങളുടെ പേര്‌ നൽകും.
  ഭക്ഷണത്തിനായി ആരും വരി നിൽക്കേണ്ടി വരില്ല. ഭക്ഷണശാലയ്‌ക്ക്‌ സമീപം ആയിരം പേർക്ക്‌ ഇരിക്കാവുന്ന പന്തൽ തയ്യാറാക്കും. കഴിക്കാനെത്തുമ്പോൾ തിരക്കാണെങ്കിൽ ഇവിടെ വിശ്രമിക്കാം. വിപുലമായ ഒരു സ്‌റ്റേജും ഉണ്ടാകും. സാംസ്‌കാരിക പ്രവർത്തകരുടെ വിവിധ പരിപാടികൾ ഇവിടെ അരങ്ങേറും. കലോത്സവത്തിനെത്തുന്നവർക്കും കലാപരിപാടി അവതരിപ്പിക്കാം. കൂടാതെ ഭക്ഷണശാലയ്ക്ക്‌ സമീപം സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റൽ വാളിൽ പാചകപ്പുരയുടെയും ഭക്ഷണശാലയുടെയും തത്സമയ ദൃശ്യങ്ങളും കാണാനാകും. 
ഭക്ഷണഅവശിഷ്‌ടം സംസ്‌കരിക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കും. മാലിന്യം അതത്‌ ദിവസം സംസ്‌കരിച്ച്‌ ബയോകമ്പോസ്റ്റ്‌ ആക്കുന്നതിനാണ്‌ ആലോചന. ഇതുസംബന്ധിച്ച്‌ കോർപറേഷനുമായി ചർച്ചകൾ നടക്കുന്നു. ഉപയോഗിക്കുന്ന വെള്ളം ഒഴുക്കിക്കളയാതെ ശുചീകരിച്ച്‌ പുനരുപയോഗത്തിനുള്ള സാധ്യതയും തേടും.   
   കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷനാണ്‌ (കെഎസ്‌ടിഎ) ഭക്ഷണക്കമ്മിറ്റിയുടെ ചുമതല. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ്‌ ഭക്ഷണം തയ്യാറാക്കുന്നത്‌. ഗ്രീൻ പ്രോട്ടോകോൾ, ഭക്ഷണവിതരണം, വളന്റിയർ എന്നിങ്ങനെ 13 ഉപകമ്മിറ്റികളും പ്രവർത്തിക്കും. തദ്ദേശസ്ഥാപന പ്രതിനിധികൾ ചെയർമാനും അധ്യാപകർ കൺവീനർമാരും ആയിരിക്കും. ഭക്ഷണത്തിനുള്ള കൂപ്പൺ അതാത്‌ ജില്ലകൾക്ക്‌ വിതരണം ചെയ്യും. ജില്ലയിലെ കെഎസ്‌ടിഎ അധ്യാപകരാകും ഭക്ഷണം വിളമ്പുക. കലോത്സവത്തിനെത്തുന്ന എല്ലാവർക്കും സുഗമമായി സംതൃപ്‌തിയോടെ ഭക്ഷണം കഴിക്കുന്നതിനുള്ള എല്ലാ സൗകര്യവും ഒരുക്കുമെന്ന്‌ ഭക്ഷണക്കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും കൺവീനർ എ നജീബും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top