23 December Monday

കുട്ടിക്കവിതകളുടെ മുത്തശ്ശൻ

സ്വന്തം ലേഖികUpdated: Tuesday Jul 30, 2024

ഭരതന്നൂർ ശിവരാജൻ

 
തിരുവനന്തപുരം
അമ്മ പാടിയ നാടോടിപ്പാട്ടുകളിലൂടെയാണ്‌ ആ ബാലൻ അക്ഷരങ്ങളെ സ്നേഹിച്ചുതുടങ്ങിയത്‌. ഓരോ പാട്ടിൽനിന്നും മനസ്സിൽതൊടുന്നവയുടെ സാരാംശമൊക്കെയും ബാലകവിതയായി എഴുതിത്തുടങ്ങി... ഇന്നിപ്പോൾ തൊണ്ണൂറ്റിനാലാം വയസ്സിന്റെ ചെറുപ്പത്തിലും ബാല കവിതാസമാഹാരം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഭരതന്നൂർ ശിവരാജൻ. 
പരവന്നൂർ പാലോട് സ്വദേശി ശിവരാജൻ 70 വർഷമായി അക്ഷരങ്ങളുടെ ലോകത്ത് സജീവമാണ്. എഴുതുന്നതൊക്കെയും ബാലകവിതകൾ. ഉപദേശരൂപത്തിൽ കുട്ടികളിൽ രസമേറ്റുന്നതാണ്‌ എല്ലാം. പഞ്ചവർണക്കിളി, കുടമുല്ല, നുണയണ്ടേ ഈ മധുരം, തുടങ്ങി 16 പുസ്തകം പ്രസിദ്ധീകരിച്ചു. 17–-ാമത് പുസ്തകം അച്ചടിയിലാണ്‌. മറ്റൊരു പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലും. 
"പതിനാറാമത് ബുക്ക് പ്രസിദ്ധീകരിച്ചപ്പോൾ ഇതായിരിക്കും അവസാനത്തേത് എന്ന് കരുതി. പ്രായത്തിന്റെ അവശതകളുണ്ട്. അക്ഷരങ്ങളാണ് ജീവിതത്തിൽ ബാക്കി നിൽക്കുന്നത്. എഴുത്തിനായി പ്രത്യേക ആലോചനകളോ എഴുതാൻ പ്രത്യേക ഇടമോ ഇല്ല. മനസ്സിൽ തോന്നുന്നത് അപ്പോൾ തന്നെ കുറിച്ചുവയ്ക്കും'–- ശിവരാജൻ പറയുന്നു
ചങ്ങമ്പുഴയുടെയും കുഞ്ചൻ നമ്പ്യാരുടെയും വള്ളത്തോളിന്റെയും കവിതകളിൽനിന്നാണ്‌ ലളിതമായ എഴുത്ത്‌ ശീലിച്ചത്. ആശാന്റെ കാവ്യരീതികളും അദ്ദേഹം പിന്തുടർന്നിട്ടുണ്ട്. കവിതകൾ വായിക്കുന്നൊരാൾ അർഥം നോക്കാനായി ഒരിക്കലും നിഘണ്ടു മറിക്കേണ്ടി വരരുതെന്ന്‌ നിർബന്ധമാണ്‌'. 
പതിനാലാം വയസുമുതൽ കവിതകളെഴുതുമായിരുന്നെങ്കിലും 2000ലാണ് ആദ്യ സമാഹാരം പ്രസിദ്ധീകരിച്ചത്. കെഎസ്ആർടിസിയിൽ ജേർണൽ ട്രാൻസ്പോർട്ട് റിവ്യുവിന്റെ എഡിറ്റർ കം പബ്ലിഷറായിരുന്നു ഭരതന്നൂർ ശിവരാജൻ 18 വർഷം. കവിതയെഴുത്തിൽ സജീവമാണെങ്കിലും മലയാള സിനിമയിൽ ഗാനങ്ങൾ രചിക്കണമെന്ന ഒരാഗ്രഹംകൂടി ആ മനസ്സിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top