തിരുവനന്തപുരം
ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനിൽ ഉൾപ്പെടെ എട്ട് തദ്ദേശ വാർഡുകളിലേക്ക് ചൊവ്വാഴ്‌ച നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ വിജയ പ്രതീക്ഷയിൽ എൽഡിഎഫ്. യുഡിഎഫിന്റെയും ബിജെപിയുടെയും സിറ്റിങ് വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ വാർഡുകൾ പിടിച്ചെടുക്കാനുള്ള പ്രവർത്തനമാണ് എൽഡിഎഫ് നടത്തിയത്. കോൺഗ്രസിന്റെ നയങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ച് ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവച്ച വെള്ളനാട് ശശിയെയാണ് വെള്ളനാട് ഡിവിഷനിൽ എൽഡിഎഫ് മത്സരിപ്പിക്കുന്നത്. ആറ്റിങ്ങൽ നഗരസഭയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം എന്നിവിടങ്ങളിൽ ബിജെപിയുടെ വനിതാ അംഗങ്ങൾ രാജിവച്ച ഒഴിവിലേക്കാണ് മത്സരം. 31 സീറ്റുള്ള ആറ്റിങ്ങൽ നഗരസഭയിൽ 18 സീറ്റുള്ള എൽഡിഎഫിന്റെ നില സുശക്തമാണ്. യുഡിഎഫിന് ആറും ബിജെപിക്ക് ഏഴും അംഗങ്ങളുണ്ടായിരുന്നു. രണ്ട് വാർഡുകളിൽ പരാജയപ്പെട്ടാൽ ബിജെപി അംഗസംഖ്യ അഞ്ചായി ചുരുങ്ങും.
കരവാരം പഞ്ചായത്തിലെ പട്ട്ള, ചാത്തമ്പറ വാർഡുകളിലും ബിജെപി അംഗങ്ങൾ രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. 9 അംഗങ്ങൾ ഉണ്ടായിരുന്ന ബിജെപിയാണ് കരവാരം പഞ്ചായത്ത് ഭരിക്കുന്നത്. ഇതിൽ രണ്ടുപേർ രാജിവച്ചതോടെ ഭരണം തുലാസിലായി. എൽഡിഎഫിന് അഞ്ചും കോൺഗ്രസിനും എസ്‌ഡിപിഐയ്‌ക്കും രണ്ടുവീതം സീറ്റുകളുമുണ്ട്.
ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ നാടായ പെരിങ്ങമ്മലയിൽ കോൺഗ്രസിനെ ഞെട്ടിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ മൂന്നുപേർ രാജിവച്ച് സിപിഐ എമ്മിനൊപ്പം ചേരുകയായിരുന്നു. ഇവരെത്തന്നെയാണ് എൽഡിഎഫ് മത്സരിപ്പിക്കുന്നത്. 19 വാർഡുള്ള പഞ്ചായത്തിൽ 5 സീറ്റുണ്ടായിരുന്ന കോൺഗ്രസ്, നാല് സ്വതന്ത്രരെയും ഒരു ലീഗ് അംഗത്തെയും കൂട്ടുപിടിച്ചാണ് ഭരണത്തിലേറിയത്. ഇതിൽ പ്രസിഡന്റ് ഉൾപ്പെടെ മൂന്നുകോൺഗ്രസുകാരും രാജിവച്ചു. പ്രസിഡന്റ് സ്ഥാനം സംവരണവിഭാഗത്തിനായിരുന്നതിനാൽ കോൺഗ്രസിന് മറ്റൊരാളെ നിർദേശിക്കാനുണ്ടായിരുന്നില്ല. തുടർന്ന് എൽഡിഎഫിലെ സി പി കാർത്തികയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. നിലവിൽ എൽഡിഎഫിന് ഏഴുസീറ്റും ബിജെപിക്ക് ഒരു സീറ്റുമുണ്ട്.
8 വാർഡുകളിൽ
ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷൻ ഉൾപ്പെടെ ജില്ലയിലെ എട്ടു തദ്ദേശ വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ആറ്റിങ്ങൽ നഗരസഭയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം, പെരിങ്ങമ്മല പഞ്ചായത്തിലെ കരിമൺകോട്, മടത്തറ, കൊല്ലായിൽ, കരവാരം പഞ്ചായത്തിലെ പട്ട്ള, ചാത്തമ്പറ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്.
ചെറുവള്ളിമുക്കിൽ എം എസ് മഞ്ജുവും തോട്ടവാരത്ത് ജി ലേഖയുമാണ് എൽഡിഎഫ് സ്ഥാനാർഥികൾ. കരിമൺകോട് വാർഡിൽ എം ഷഹനാസും മടത്തറ വാർഡിൽ ഷിനു മടത്തറയും കൊല്ലായിൽ വാർഡിൽ കലയപുരം അൻസാരിയുമാണ് എൽഡിഎഫ് സ്ഥാനാർഥികൾ. പട്ട്‌ള വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ ബേബി ഗിരിജയും ചാത്തമ്പറ വാർഡിൽ വിജി വേണുവുമാണ് എൽഡിഎഫ് സ്ഥാനാർഥികൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..