22 November Friday
വേളി ക്ലേ ഫാക്ടറി നാളെ തുറക്കും

പ്ലാന്റ്‌, ഓഫീസ്‌ നവീകരണം പുരോഗമിക്കുന്നു

സ്വന്തം ലേഖകൻUpdated: Tuesday Jul 30, 2024

തുറക്കുന്നതിന് മുന്നോടിയായി നവീകരിച്ച വേളി ഇംഗ്ലീഷ്‌ ഇന്ത്യ ക്ലേ ഫാക്ടറി ഓഫീസ്

തിരുവനന്തപുരം
അസംസ്‌കൃത വസ്‌തുക്കൾ ലഭിക്കാനില്ലെന്നുപറഞ്ഞ്‌ പൂട്ടിയ വേളി ഇംഗ്ലീഷ്‌ ഇന്ത്യ ക്ലേ ഫാക്ടറി ബുധനാഴ്‌ച മുതൽ വീണ്ടും പ്രവർത്തനമാരംഭിക്കും. മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനംചെയ്യും. തൊഴിലാളികൾ നടത്തിയ ശക്തമായ പോരാട്ടങ്ങളെത്തുടർന്നാണ്‌ കമ്പനി തുറന്നുപ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്‌.  
തുറക്കുന്നതിനു മുന്നോടിയായി ഫാക്ടറി ഓഫീസ്‌, പ്ലാന്റ്‌ എന്നിവയുടെ നവീകരണം പുരോഗമിക്കയാണ്‌. അസംസ്‌കൃതവസ്‌തുവായ കളിമണ്ണിന്റെ ലഭ്യത ഉറപ്പാക്കുന്നതിന്‌ സർക്കാരിന്റെ ഇടപെടൽ ഉൾപ്പെടെ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. തൊഴിലാളി യൂണിയൻ, തൊഴിൽ വകുപ്പ്‌, വ്യവസായ വകുപ്പ്‌ എന്നിവയുടെ നിരന്തര ഇടപെടലിലൂടെയാണ്‌ കമ്പനി തുറക്കുന്നത്‌. നിരവധി വിട്ടുവീഴ്‌ചകൾക്കും തൊഴിലാളികൾ സന്നദ്ധരായി. മൂന്നുവർഷംവരെ സ്‌കെയിൽ ഓഫ്‌ പേ നൽകില്ല. എല്ലാ തൊഴിലാളികൾക്കും ബോണസ്‌ നൽകില്ല. ഇവർക്ക്‌ 1965ലെ നിയമപ്രകാരം കുറഞ്ഞ നിരക്കിലുള്ള ബോണസ്‌ മാത്രമേ അനുവദിക്കുകയുള്ളൂ. 
കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ കരാറിൽ ഒപ്പിട്ടത്‌. ജില്ലാ ക്ലേ വർക്കേഴ്‌സ്‌ യൂണിയനാണ്‌ (സിഐടിയു) സമരം നയിച്ചത്‌. ജില്ലാ പ്രസിഡന്റ്‌ വി കെ പ്രശാന്ത്‌, ജനറൽ സെക്രട്ടറി ക്ലൈനസ്‌ റൊസാരിയോ എന്നിവർ ചർച്ചകൾക്കും കരാർ ഒപ്പിടുന്നതിനും നേതൃത്വം നൽകി.  ഫാക്ടറി ബുധനാഴ്‌ച  മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനംചെയ്യും.  
കരുത്തായി 
എസ്‌ എസ്‌ പോറ്റി
ക്ലേ ഫാക്ടറി തൊഴിലാളികൾക്ക്‌ പിന്തുണയും കരുത്തുമായി ഒപ്പമുണ്ടായിരുന്നത്‌ ജില്ലാ ക്ലേ വർക്കേഴ്‌സ്‌ യൂണിയനെ നയിച്ച എസ്‌ എസ്‌ പോറ്റിയാണ്‌. സമരം ഒത്തുതീർപ്പിലേക്ക്‌ എത്തിക്കുന്നതിന്‌ മുൻകൈയെടുത്തതും അദ്ദേഹമായിരുന്നു. മരിക്കുന്നതിനുമുമ്പ്‌ നേതാക്കൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി ഫാക്ടറി തുറക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്ന കാര്യങ്ങൾ അറിയിച്ചിരുന്നു.
ഥാപ്പർ ഗ്രൂപ്പിന്റെ 
കമ്പനി
ലാലാ കരംചന്ദ്‌ ഥാപ്പർ എന്ന വ്യവസായ ഭീമൻ സ്ഥാപിച്ച ഥാപ്പർ ഗ്രൂപ്പിന്റേതാണ്‌ ഇംഗ്ലീഷ്‌ ഇന്ത്യൻ ക്ലേ ലിമിറ്റഡ്‌. 1965-ൽ ഇംഗ്ലണ്ടിൽനിന്നുള്ള ഇംഗ്ലീഷ്‌ ക്ലേ കമ്പനി (ഇസിസി) യാണ്‌ വേളിയിൽ കമ്പനിയും ആക്കുളത്ത് കളിമണ്ണ്‌ ഖനനവും ആരംഭിച്ചത്‌. 
1967-ൽ നഷ്ടത്തിലായപ്പോൾ അടച്ചിട്ടു. 1968-ൽ വ്യവസായ മന്ത്രിയായിരുന്ന ടി വി തോമസ് ഇടപെട്ട് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഥാപ്പർ ഗ്രൂപ്പിനെക്കൊണ്ട്‌ ഇസിസിയെ ഏറ്റെടുപ്പിച്ചു. അവർ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ലിമിറ്റഡ്‌ എന്ന്‌ പേരുമാറ്റി. 75 തൊളിലാളികളെ സ്ഥിരപ്പെടുത്തി. 1973ൽ കളിമൺ ഖനനത്തിനായി തോന്നയ്‌ക്കലിൽ സ്ഥലം വാങ്ങി.
കമ്പനി നഷ്ടത്തിലായപ്പോൾ തൊഴിലാളികൾ ദിവസവും രണ്ടു മണിക്കൂർ വേതനമില്ലാതെ ജോലി ചെയ്‌താണ്‌ കരകയറ്റിയത്‌. 1985-ൽ വീണ്ടും ലാഭത്തിലായി.
തോന്നയ്‌ക്കലിൽ ഖനനത്തിനായി കൂടുതൽ സ്ഥലം വാങ്ങി. 1991-ൽ വേളിയിൽ ആധുനിക സജ്ജീകരണങ്ങളോടെ രണ്ടാമത്തെ പ്ലാന്റ്‌ തുടങ്ങി. 
2003-ൽ തോന്നയ്‌ക്കലിലും പുതിയ പ്ലാന്റ് തുടങ്ങി.ലാഭത്തിൽ തുടരുമ്പോൾതന്നെ 2020 ആഗസ്‌ത്‌ 10 മുതൽ മുന്നറിയിപ്പില്ലാതെ വേളി, തോന്നയ്‌ക്കൽ പ്ലാന്റുകൾ അടച്ചിട്ടു. 
ഇതിനെതിരെ സിപിഐ എമ്മും സിഐടിയുവും ശക്തമായ പ്രക്ഷോഭം ആരംഭിച്ചു.  2020 ഒക്ടോബർ 29 മുതൽ തോന്നയ്‌ക്കൽ പ്ലാന്റ്‌ മാത്രം തുറന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top