പാലോട്
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അടച്ചിട്ടവീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കടയിൽമുടമ്പ് പഴവിളാകത്ത് വീട്ടിൽ കൊപ്ര ബിജു എന്ന രാജേഷ് (42), ഭാര്യ ഇടുക്കി ഉടുമ്പന്‍ചോല കർണപുരം കൂട്ടാർ ചേരമൂട് രാജേഷ് ഭവനിൽ രേഖ (33), പാലോട് നന്ദിയോട് ആലംപാറ തോട്ടരികത്ത് വീട്ടിൽ റെമോ എന്ന അരുൺ ( 27) ഭാര്യ പാങ്ങോട് വെള്ളയംദേശം കാഞ്ചിനട തെക്കുകര പുത്തൻ വീട്ടിൽ ശില്‍പ്പ (26) എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റുചെയ്തത്. പെരിങ്ങമ്മല കൊച്ചുവിളയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 10 പവനും പണവും, പാലോട് കള്ളിപ്പാറയിലെ വീട്ടിൽനിന്ന് 45 പവനും രണ്ടുലക്ഷം രൂപയും കവർച്ച ചെയ്ത കേസുകളിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. മോഷ്ടിച്ച സ്വർണം തമിഴ്നാട്ടിലെ വിവിധ ബാങ്കുകളിൽ പണയംവച്ചും വില്‍പ്പന നടത്തിയും പ്രതികൾ കോയമ്പത്തൂരിൽ കഴിഞ്ഞുവരികയായിരുന്നു. ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിൽ നെടുമങ്ങാട് ഡിവൈഎസ്‌പി കെ എസ് അരുൺ, പാലോട് എസ്എച്ച്ഒ എസ് അനീഷ് കുമാർ, ശ്രീനാഥ്, സജു, ഷിബു, സജീവ്, ഉമേഷ് ബാബു, വിനീത് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..