30 October Wednesday

ശിശുദിന റാലി നയിക്കാന്‍ പെണ്‍കുട്ടികള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

ശിശുദിന റാലി നയിക്കുന്ന കുട്ടികളുടെ നേതാക്കളായ അമാന ഫാത്തിമ, ആൽഫിയ മനു, ബഹിയ ഫാത്തിമ, 
ആൻ എലിസബത്ത്, പി എ നിധി എന്നിവർ ശിശുക്ഷേമ സമിതി ഭാരവാഹികള്‍ക്കൊപ്പം

തിരുവനന്തപുരം
ശിശുക്ഷേമ സമിതി ഒരുക്കുന്ന ശിശുദിന റാലിയും പൊതുസമ്മേളനവും നയിക്കാൻ പെൺകുട്ടികൾ. പ്രധാനമന്ത്രിയായി മൂന്നാം ക്ലാസ് വിദ്യാർഥി ബഹിയ ഫാത്തിമ (കുളത്തൂപ്പുഴ ഗുഡ് ഷെപ്പേർഡ്), പ്രസിഡന്റായി ഏഴാം ക്ലാസ് വിദ്യാർഥി എസ് എസ് അമാന ഫാത്തിമ (നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസ്) എന്നിവരെ തെരഞ്ഞെടുത്തു. ഏഴാം ക്ലാസ് വിദ്യാർഥി പി എ നിധിയാണ് (തിരുവനന്തപുരം കാർമൽ ഗേൾസ് എച്ച്എസ്എസ്) സ്പീക്കർ. ആൻ എലിസബത്ത് (തൃശൂർ എസ്എച്ച്സിഎൽപിഎസ്) പൊതുസമ്മേളനത്തിൽ സ്വാഗതപ്രസംഗവും ആൽഫിയ മനു (വയനാട് ദ്വാരക എയുപി സ്കൂൾ) നന്ദി പ്രസംഗവും നടത്തും. ആദ്യമായാണ് പെൺകുട്ടികൾ മാത്രം കുട്ടികളുടെ നേതാക്കളാകുന്നത്.
ശിശുദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വർണോത്സവം – 2024-ന്റെ ഭാഗമായി തിങ്കളാഴ്ച നടന്ന സംസ്ഥാനതല മലയാളം എൽപി, യുപി പ്രസംഗ മത്സരത്തിൽ ഓരോ വിഭാഗത്തിലെയും ആദ്യ അഞ്ചു സ്ഥാനക്കാരിൽനിന്ന് സ്ക്രീനിങ് വഴിയാണ് കുട്ടികളുടെ നേതാക്കളെ  തെരഞ്ഞെടുത്തത്. 49 കുട്ടികളാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തതെന്ന് ‌സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി  അറിയിച്ചു. മാധ്യമപ്രവർത്തക ആർ പാർവതി ദേവി, ഗ്രാന്റ്മാസ്റ്റർ ഡോ. ജി എസ് പ്രദീപ്, സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ ജി ഒലീന, ഓർഗാനിക് തിയറ്റർ ഡയറക്ടർ എസ് എൻ സുധീർ എന്നിവരടങ്ങിയ സമിതിയാണ് കുട്ടികളെ തെരഞ്ഞെടുത്തത്. നവംബർ 14 രാവിലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച് കനകക്കുന്നിൽ അവസാനിക്കുന്ന  ശിശുദിനറാലിയിൽ കാൽലക്ഷം പേർ പങ്കെടുക്കും. തുടർന്ന് നിശാഗന്ധിയിലാണ് കുട്ടികളുടെ പൊതുസമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വീണ ജോർജ്, വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ 2024-ലെ ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനവും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top