പേരൂർക്കട
കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ പരിസരത്ത് നഗരസഭയുടെ നേതൃത്വത്തിൽ പണി പൂർത്തിയാക്കിയ 'വഴിയിടം' ശുചിമുറി സമുച്ചയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ 12 ഇന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയിട്ടുള്ള ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 7 സ്ഥലങ്ങളിലാണ് ടോയ്‌ലറ്റ്, കഫറ്റീരിയ സൗകര്യങ്ങളുള്ള വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നത്.
1950 ചതുരശ്രയടി വിസ്തീർണത്തിൽ ഇരുനിലകളിലായാണ് സമുച്ചയം. താഴത്തെ നിലയിൽ പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമായി കഫറ്റീരിയ, അടുക്കള, പുരുഷന്മാർക്കും സ്ത്രീകൾക്കും വികലാംഗർക്കുമുള്ള ശുചിമുറികൾ, വിശ്രമ സ്ഥലം, മുലയൂട്ടൽ കേന്ദ്രം, നാപ്കിൻ വെൻഡിങ് സൗകര്യം എന്നിവയാണ് ഉള്ളത്. ഒന്നാമത്തെ നിലയിൽ ശുചിമുറി സൗകര്യങ്ങളുള്ള 3 മുറികൾ വിശ്രമത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഡ്രൈവർമാർക്കും ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.
കലക്ടർ അനുകുമാരി മുഖ്യാതിഥിയായി. മരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ മേടയിൽ വിക്രമൻ അധ്യക്ഷനായി. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ഗായത്രി ബാബു, കൗൺസിലർമാരായ അംശു വാമദേവൻ, ക്ലൈനസ് റൊസാരിയോ, പൊതുമരാമത്ത് ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, സിവിൽ സ്റ്റേഷൻ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..