തിരുവനന്തപുരം
ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെക്യുലർ അസംബ്ലിയിൽ യുവജനങ്ങളുടെ പ്രതിഷേധമിരമ്പി. രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ 72ാം രക്തസാക്ഷിദിനമായ വ്യാഴാഴ്‌ച "ഇന്ത്യ കീഴടങ്ങില്ല, നമ്മൾ നിശ്ശബ്ദരാകില്ല' എന്ന മുദ്രാവാക്യമുയർത്തിയാണ് സംസ്ഥാനത്തെ 2241 മേഖലാ കേന്ദ്രങ്ങളിൽ യുവത തെരുവിലേക്കിറങ്ങിയത്. തലസ്ഥാനത്തെ എല്ലാ മേഖലാ കേന്ദ്രങ്ങളിലും യുവജനറാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ആയിരങ്ങളാണ് റാലിയിൽ അണിനിരന്നത്. നാടിന്റെ കാവലാളായി യുവത ഒഴുകിയെത്തിയപ്പോൾ എല്ലാ കേന്ദ്രങ്ങളിലും റോഡിന് ഇരുവശവും ജനങ്ങൾ അഭിവാദ്യം അർപ്പിച്ചു. "പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ പ്ലക്കാർഡുകളുമായാണ് വിദ്യാർഥികളടക്കം അസംബ്ലിയിൽ പങ്കാളികളായത്.
കണ്ണമ്മൂല ജങ്‌ഷനിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം സെക്ക്യുലർ അസംബ്ലി ഉദ്‌ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജി ഗോകുൽ അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..