21 November Thursday
വീടുകളില്‍ കിച്ചൻ ബിന്‍ ഉറപ്പാക്കാന്‍ കോര്‍പറേഷന്‍

ജൈവമാലിന്യം വീട്ടില്‍ സംസ്കരിക്കാം

സ്വന്തം ലേഖികUpdated: Thursday Oct 31, 2024
തിരുവനന്തപുരം
ഉറവിട മാലിന്യസംസ്കരണം പ്രോത്സാഹിപ്പിക്കാൻ ന​ഗരപരിധിയിലെ എല്ലാ വീട്ടിലും കിച്ചൺ ബിൻ സ്ഥാപിക്കാൻ കോർപറേഷൻ. നിലവിൽ 15,000 കിച്ചൻ ബിൻ വീടുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ 25,000 പുതിയ ബിന്നുകൾ വാങ്ങാൻ ടെൻഡർ ചെയ്തു. അതിന്റെ വിതരണവും ഉടൻ ആരംഭിക്കും. നിലവിൽ ചില വാർഡുകളിൽ ഹരിതകർമസേന വഴി ജൈവമാലിന്യവും ശേഖരിക്കുന്നുണ്ട്. ഇത് ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനുമാണ് ആലോചന. 
വീടുകളിൽ മുമ്പ് നൽകിയ കിച്ചൺ ബിന്നുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കാൻ കോർപറേഷൻ സർവേ നടത്തിയിരുന്നു. 
ആദ്യഘട്ടത്തിൽ വാങ്ങിയവരിൽ പലരും ഇത് ഉപയോ​ഗിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഉറവിട മാലിന്യസംസ്കരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ബോധവൽക്കരണവും നടത്തി. ഇനിയുള്ള ബിന്നുകൾ കേടായാൽ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തന യോഗ്യമാക്കും. 
ബിന്നുകളുടെ പരിപാലനത്തിനായി ഗ്രീൻ ടെക്‌നീഷ്യൻ എന്നപേരിൽ പ്രത്യേക പരിശീലനം ലഭിച്ച ഹരിതകർമസേനാംഗങ്ങളുടെ സേവനം ലഭ്യമാക്കും. ഇനോക്കുലം ഹരിതകർമസേന വഴിയാകും എത്തിക്കുന്നത്. 
കിച്ചൺ ബിൻ ആവശ്യപ്പെട്ട് നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ടെന്ന് ആരോ​ഗ്യ സ്ഥിരം സമിതി അധ്യക്ഷ ​ഗായത്രി ബാബു പറഞ്ഞു. 
ഉറവിട മാലിന്യസംസ്കരണമാണ് കോർപറേഷന്റെ നയം. അതിനായി ഗാർഹിക അടിസ്ഥാനത്തിൽ കിച്ചൻ ബിന്നുകളും കമ്യൂണിറ്റി തലത്തിൽ തുമ്പൂർമുഴി എയ്‌റോബിക് ബിന്നുകളും സ്ഥാപിക്കും. ഹരിതകർമ സേനയാണ് ഉറവിട മാലിന്യസംസ്കരണത്തിന്റെ പരിപാലനം നടത്തേണ്ടത്. ബിന്നും ഇനോക്കുലവും സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് ഉറപ്പ് വരുത്തുമെന്ന് ​ഗായത്രി ബാബു ​പറഞ്ഞു. 
കിച്ചൻബിൻ 
ലഭിക്കാൻ
കോർപറേഷനുമായോ ഹെൽത്ത്‌ സർക്കിളുമായോ ബന്ധപ്പെട്ട് അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ചു നൽകിയാൽ ബിൻ ലഭിക്കും. ഒപ്പം തുകയും അടയ്‌ക്കണം. 90 ശതമാനം സബ്‌സിഡി നിരക്കിലാണ് കിച്ചൺ ബിൻ അനുവദിക്കുന്നത്. 
10 ശതമാനംമാത്രം വീട്ടുകാർ അടയ്‌ക്കണം. ബിന്നിനൊപ്പം ഒമ്പത് കിലോ വരുന്ന ഒരു ചാക്ക് ഇനോക്കുലവും ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top