01 August Thursday
ഗുരുവായൂർ മേൽപ്പാലം

കേന്ദ്രം അവഗണിച്ചു; കിഫ്‌ബിയിൽ ഉയരുന്നു

ടി ബി ജയപ്രകാശ്‌Updated: Wednesday Mar 1, 2023

ഗുരുവായൂർ മേൽപ്പാലം നിർമ്മാണം പുരോഗമിക്കുന്നു

ഗുരുവായൂർ
കേന്ദ്രസർക്കാർ അവഗണിച്ച്‌ തള്ളിയെങ്കിലും സംസ്ഥാന സർക്കാർ രൂപീകരിച്ച കിഫ്‌ബി ചെലവിൽ ഗുരുവായൂർ  റെയിൽവേ മേൽപ്പാലം ഉയരുകയാണ്‌. ക്ഷേത്രനഗരിയിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരമായി മേൽപ്പാലം ഉയരുമ്പോൾ അത്  നാടിന്റെ സ്വപ്‌നസാഫല്യമാവുകയാണ്‌.  23.5 കോടി രൂപ മുടക്കിയാണ്‌  പാലം നിർമിക്കുന്നത്‌.  മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻഗണനാ പട്ടികയിലുള്ള പത്തു പദ്ധതികളിലൊന്നാണിത്‌. മെയ്‌ മാസത്തിൽ നാടിന്‌ സമർപ്പിക്കാനാവും വിധം നിർമാണം പുരോഗമിക്കുകയാണ്‌. 
 കിഴക്കേനടയിലെ പെട്രോൾ പമ്പിനു മുന്നിൽനിന്ന് ആരംഭിച്ച് മാവിൻചുവടിനടുത്ത് അവസാനിക്കുന്നതാണ് മേൽപ്പാലം.  റെയിൽവേ ഗേറ്റിനു മുകളിലൂടെ 517.32 മീറ്റർ ദൂരമാണ് മേൽപ്പാലം.  10.15 മീറ്ററാണ്‌ വീതി. വാഹനങ്ങൾ കടന്നുപോകുന്നതിന് 7.5 മീറ്റർ വീതിയിൽ റോഡും ഇരുവശത്തും 1.5 മീറ്ററിൽ നടപ്പാതയുമുണ്ട്. നാലു മീറ്റർ വീതിയിൽ സർവീസ് റോഡും നിർമിക്കുന്നുണ്ട്.  
തീരമേഖലയിൽനിന്നും തൃശൂരിലേക്കും നെടുമ്പാശേരിയിലേക്കും പോകുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നതാണ് ഗുരുവായൂർ –-തൃശൂർ സംസ്ഥാന പാത.  യുഡിഎഫ് സർക്കാരിന്റെ കാലത്ത്  ഗുരുവായൂർ എംഎൽഎയായിരുന്ന കെ വി അബ്ദുൾഖാദർ റെയിൽവേ മേൽപ്പാല പ്രശ്‌നം പത്തുതവണ നിയമസഭയിൽ സബ്‌മിഷൻ അവതരിപ്പിച്ചിട്ടും ഒരു  നടപടിയുമുണ്ടായില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് പദ്ധതിക്ക്  രൂപം നൽകിയത്‌. ബജറ്റിൽ മേൽപ്പാലം ഉൾപ്പെടുത്തി, കിഫ്ബിയിൽ ഫണ്ട്‌ അനുവദിച്ചു. ഭൂമി ഏറ്റെടുക്കലിലെ തർക്കങ്ങൾ പരിഹരിച്ച്‌  സ്ഥലമേറ്റെടുത്ത് റോഡ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷന്‌  കെെമാറി. 2021 ജനുവരി 23ന് മുഖ്യമന്ത്രി  പിണറായി വിജയൻ നിർമാണോദ്ഘാടനവും നിർവഹിച്ചു. റെയിൽവേ ലൈനിനു മുകളിൽ പാലം വരുന്ന ഭാഗത്തെ നിർമാണത്തിനായി റെയിൽവേ വകുപ്പിന്റെ അനുമതി വൈകിയത്  നിർമാണം വൈകിപ്പിച്ചു. 
ഈ ഭാഗത്തുള്ള പാലത്തിന്റെ നിർമാണത്തിനായുള്ള തുക റെയിൽവേക്ക് കെട്ടിവച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. എൻ കെ അക്ബർ എംഎൽഎയുടെ  നിരന്തര ഇടപെടൽ ശക്തമായതോടെ നിർമാണം വേഗത്തിലായി.  ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസിന്റെ  ഇടപടലുകളും സഹയകമായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top