കൊടുങ്ങല്ലൂർ
ട്രോളിങ് നിരോധനം അവസാനിച്ചു. വറുതിയുടെ നാളുകൾ അവസാനിക്കുകയാണെന്ന പ്രതീക്ഷയോടെ കാത്തിരുന്ന മീൻപിടിത്ത തൊഴിലാളികൾക്ക് കാലാവസ്ഥ തിരിച്ചടിയായി. ബുധൻ രാവിലെ മുതൽ വല നിറയെ മീൻ കിട്ടുമെന്ന പ്രതീക്ഷയോടെ ബോട്ടുകൾ കടലിലേക്ക് പോകാൻ തയ്യാറായിരുന്നു. എന്നാൽ വൈകിട്ടെത്തിയ മഴ മുന്നറിയിപ്പ് പ്രതീക്ഷകൾക്കുമേൽ കരി നിഴൽ വീഴ്‌ത്തി.
ഒന്നരമാസത്തെ കാത്തിരിപ്പിനൊടുവിൽ ബോട്ടുകളിലെ തൊഴിലാളികൾ ബുധൻ രാവിലേ മുതൽ ഉത്സാഹത്തിലായിരുന്നു. കടലിൽ പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുകയും ചെയ്‌തു. ബോട്ടുകളിൽ ഐസ് കട്ടകൾ നിറച്ച് കടലിൽ പോകാനുള്ള ഒരുക്കം തുടങ്ങി. വലിയ ബോട്ടുകൾ 500 ബ്ലോക്ക് കട്ടകൾ വരെ നിറച്ചിട്ടുണ്ട്. ഒരാഴ്ചയോളം കടലിൽ തങ്ങേണ്ടതിനാൽ 5000 ലിറ്റർ ഇന്ധനവും നിറച്ചു.
ഒന്നര മാസം മുമ്പ് ബോട്ടുകൾ കരയിലേക്കടുപ്പിച്ച ശേഷം കന്യാകുമാരിയിലെ കുളച്ചൽ അടക്കമുള്ള ഇടങ്ങളിലേക്ക് പോയ തൊഴിലാളികൾ ഒരാഴ്ച മുമ്പേ തിരിച്ചെത്തിയിരുന്നു. ട്രോളിങ് കാലയളവിൽ ബോട്ടുകളുടെ അറ്റകുറ്റപ്പണികളും തീർത്തു. ഹാർബറുകളിലെയും ലാന്‍ഡിങ് സെന്ററുകളിലെയും അടച്ച ഡീസൽ ബങ്കുകളെല്ലാം തുറന്നു. ജൂൺ 10നാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചത്. അധികാരികൾ നൽകിയ നിർദേശങ്ങൾ പാലിച്ചതിനാൽ ഇത്തവണ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. ട്രോളിങ് നിരോധന കാലയളവ് ശാന്തമായി അവസാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..