22 December Sunday

ഒതുങ്ങാതെ വെള്ളം

സ്വന്തം ലേഖികUpdated: Thursday Aug 1, 2024

കനത്ത മഴയെത്തുടർന്ന്‌ പെരിങ്ങാവിൽ വെള്ളക്കെട്ടിലൂടെ ഊന്നുവടിയുടെ സഹായത്താൽ സുരക്ഷിത സ്ഥാനത്തേക്ക്‌ 
നടന്നുനീങ്ങുന്ന വയോധികൻ

തൃശൂർ
ജില്ലയിൽ മൂന്നാം ദിനം മഴയൊന്ന്‌ ശമിച്ചിട്ടും . കനത്ത മഴയിൽ ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്‌. പുഴകൾ നിറഞ്ഞൊഴുകിയും വീടുകളിൽ വെള്ളം കയറിയും വൻ നാശനഷ്‌ടങ്ങളാണ്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ളത്‌. വെള്ളം കയറിയും മരങ്ങൾ കടപുഴകിയും റോഡ്‌ ഗതാഗതവും പലയിടങ്ങളിലും താറുമാറായിട്ടുണ്ട്‌.  
തൃശൂർ നഗരത്തിൽ താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. അഗ്നിശമന സേനയും ജനപ്രതിനിധികളും പൊതു പ്രവർത്തകരും ചേർന്ന്‌ രക്ഷാപ്രവർത്തനം നടത്തി. പുഴയ്ക്കൽപ്പാടം, പെരിങ്ങാവ്‌, ചെമ്പൂക്കാവ്‌ കുണ്ടുവാറ, മ്യൂസിയം ക്രോസ്‌ ലെയ്‌ൻ, ഗാന്ധിനഗർ, വിയ്യൂർ, ചേറൂർ, വില്ലടം, ശക്തൻ നഗർ പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി.  വിൽവട്ടം മേഖലയിലാണ് കൂടുതൽ കാലവർഷക്കെടുതി. 1744 ലധികം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്.  
കരുവന്നൂർപ്പുഴ 
കരകവിഞ്ഞു
പീച്ചി, ചിമ്മിനി ഡാമുകൾ തുറന്നതോടെ കരുവന്നൂർപ്പുഴ പലയിടത്തും കര കവിഞ്ഞൊഴുകാൻ തുടങ്ങി. തീരങ്ങളിലുള്ള നിരവധി വീടുകളിൽ വെള്ളം കയറി. ചേർപ്പ് പഞ്ചായത്തിലെ എട്ടുമുന തുരുത്ത്, അംബേദ്കർ നഗർ, പടിഞ്ഞാട്ടുമുറി, മുത്തുള്ളിയാൽ തോപ്പ്, പനംകുളം എന്നീ പ്രദേശങ്ങളിലെ വീടുകളാണ് വെള്ളത്തിലായത്. ഇവിടങ്ങളിലുള്ള കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു.
ചിറയ്ക്കൽ ഹെർബർട്ട് കനാലിന് കുറുകെ കമാന്റോ മുഖം എന്നറിയപ്പെടുന്ന സ്ഥലത്തെ സ്ലൂയിസ് തകർന്നു. കനാലിന്റെ വടക്കൻ മേഖലയിൽ ചേർപ്പ്, ചാഴൂർ പഞ്ചായത്തുകളിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം ഉയർന്നു.  
തിരുവില്വാമല പഴയന്നൂർ പഞ്ചായത്ത് അതിർത്തിയിലെ ഗായത്രിപ്പുഴയ്ക്ക് കുറുകെയുള്ള ചീരക്കുഴി ഡാമിനും (റിസർവോയർ) പദ്ധതി പ്രദേശത്തും കനത്ത നാശനഷ്ടങ്ങളുണ്ടായി. ഗായത്രിപ്പുഴ കരകവിഞ്ഞ് അപ്രോച്ച് റോഡും കനാലിന്റെ സംരക്ഷണഭിത്തിയും കൈവരികളും തകർന്നു. ഏകദേശം രണ്ട്‌ കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് ചീരക്കുഴി ഇറിഗേഷൻ പദ്ധതി അധികൃതർ പറയുന്നു. മണലിപ്പുഴ കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് ബുധനാഴ്ച രാവിലെ ആമ്പല്ലൂരിലും പരിസര പ്രദേശങ്ങളിലും ക്രമാതീതമായി വെള്ളം ഉയർന്നു. കേളി പ്രദേശത്തും നിരവധി വീടുകളിൽ വെള്ളം കയറി. ആമ്പല്ലൂരിലെ വിവിധ സ്ഥാപനങ്ങളിലും വെള്ളം കയറി.
കൃഷി വകുപ്പ് 
കൺട്രോൾ റൂം തുറന്നു
കനത്ത മഴ മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ വിലയിരുത്താനും ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും കൃഷി വകുപ്പ് ആഭിമുഖ്യത്തിൽ കൺട്രോൾ റൂം തുറന്നു. തൃശൂർ ജില്ലാ കൺട്രോൾ റൂം നമ്പർ- 9446549273, 9383473242.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top