19 December Thursday

ചീരക്കുഴി ഡാമിനും കനാല്‍ ശൃംഖലയ്ക്കും കനത്ത നാശം

സ്വന്തം ലേഖകൻUpdated: Thursday Aug 1, 2024

കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്ന ചീരക്കുഴി കനാലും അപ്രോച്ച് റോഡും സംരക്ഷണഭിത്തികളും

പഴയന്നൂർ
കനത്ത മഴയെത്തുടര്‍ന്ന് തിരുവില്വാമല പഴയന്നൂർ പഞ്ചായത്ത് അതിർത്തിയിലെ ഗായത്രിപ്പുഴയ്ക്ക് കുറുകെയുള്ള ചീരക്കുഴി ഡാമിനും (റിസർവോയർ) പദ്ധതി പ്രദേശത്തും കനത്ത നാശം. തിങ്കളാഴ്ച രാത്രിയിലാണ് പദ്ധതി പ്രദേശത്ത് കനത്ത മഴ പെയ്തതിനെത്തുടർന്ന് നാശനഷ്ടങ്ങളുണ്ടായത്.  പുഴയിലുണ്ടായ ശക്തമായ ഒഴുക്കിൽ ഡാമിന്റെ എട്ടു ഷട്ടറുകളിലും മരങ്ങളും കൊമ്പുകളും തടഞ്ഞു. ഗായത്രിപ്പുഴ കരകവിഞ്ഞുള്ള വെള്ളപ്പാച്ചിലിൽ അപ്രാച്ച് റോഡും കനാലിന്റെ സംരക്ഷണഭിത്തിയും കൈവരികളും തകർന്നു. പ്രാഥമിക കണക്കെടുപ്പ് പ്രകാരം   രണ്ടുകോടിയോളം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ചീരക്കുഴി ഇറിഗേഷൻ പദ്ധതി അധികൃതർ പറഞ്ഞു.
ഇതിനുപുറമെ പഞ്ചായത്തിന്റെ കുടിവെള്ള വിതരണ ശൃംഖല, വൈദ്യുതി വിതരണ ശൃംഖല എന്നിവയ്ക്കും  നാശം നേരിട്ടിട്ടുണ്ട്. 2018ലെ പ്രളയത്തിന് സമാനമായ സാഹചര്യമാണ് ഉള്ളത്. അന്ന് ഇറിഗേഷൻ വകുപ്പിന്റെ പ്രോജക്ട് രണ്ടിലുള്ള ഡാമുകളിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ ഡാമുകളിലൊന്നായിരുന്നു ചീരക്കുഴി. 
2018ലെ പ്രളയത്തിൽ തകർന്ന എട്ട്‌ ഷട്ടറുകൾ സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവൃത്തികൾക്കുമായി റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 3.53 കോടിരൂപയും  റീബിൽഡ് കേരള പദ്ധതിയിൽ കനാൽ നവീകരണത്തിന് 82.5 ലക്ഷം രൂപയുമാണ് അനുവദിച്ചത്. കനാൽ നവീകരണത്തിനായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽനിന്നും 4.43 കോടിയും അനുവദിച്ചിരുന്നു. മണൽച്ചാക്ക് നിറച്ച് താൽക്കാലിക തടയണ നിർമിക്കാനും അതോടൊപ്പമുള്ള അനുബന്ധ പ്രവൃത്തികൾക്കുമായി 90 ലക്ഷം രൂപ ഇറിഗേഷൻ വകുപ്പ് അനുവദിച്ചിരുന്നു. നിലവിൽ ഷട്ടറുകൾക്ക് നാശം സംഭവിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അതേസമയം 40 കിലോമീറ്ററോളം വരുന്ന കനാൽ ശൃംഖലയിലെ പല സ്ഥലങ്ങളിലുമുള്ള കട്ട് ആൻഡ് കവർ ഭാഗത്ത് മണ്ണിടിഞ്ഞ് നാശം സംഭവിച്ചിട്ടുണ്ട്. ചീരക്കുഴി ഇറിഗേഷൻ പദ്ധതി അസി. എൻജിനിയർ ബസ്‌ന ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പ്രദേശം സന്ദർശിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top