തൃശൂർ
ജനകീയ പ്രതിഷേധം ഫലം കണ്ടു. തൃശൂർ റെയിൽവെ സ്‌റ്റേഷൻ സ്വകാര്യമേഖലയ്‌ക്ക് കൈമാറുന്നതിന് പകരം നൂതനമായി പുനർനിർമിക്കാൻ കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതി. 393.58 കോടി രൂപ ചെലവിലുള്ള പദ്ധതിക്ക് റെയിൽവേ മന്ത്രാലയം അനുമതി നൽകി. വിമാനത്താവളം മാതൃകയിൽ മൂന്ന് നിലകളിലുള്ള കെട്ടിടത്തിന്റെ രൂപരേഖ ദക്ഷിണ റെയിൽവേ നിർമാണ വിഭാഗം പുറത്തുവിട്ടു.
നൂറുവർഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതിയാണിത്. മൾട്ടിലെവൽ പാർക്കിങ്, ടിക്കറ്റ് കൗണ്ടർ, മികച്ച റോഡ്, എലിവേഷൻ പ്ലാറ്റ് ഫോമുകൾ എന്നിവയെല്ലാം രൂപരേഖയിലുണ്ട്. നിർമാണത്തിനുള്ള ദർഘാസുകൾ അടുത്തയാഴ്ച ക്ഷണിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 2025ൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.
നേരത്തേ തൃശൂർ റെയിൽവേ സ്‌റ്റേഷൻ ഉൾപ്പെടെ സ്വകാര്യ മേഖലയ്‌ക്ക് കൈമാറി പുനർനിർമിക്കാനായിരുന്നു കേന്ദ്ര പദ്ധതി. ഇതിനെതിരെ ദക്ഷിണ റെയിൽവേ എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ഉൾപ്പെടെ റെയിൽവേ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വൻ വരുമാനം ഉണ്ടായിട്ടും തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ അതിനനുസരിച്ചുള്ള സൗകര്യങ്ങൾ ഇല്ല. കക്കൂസ് മാലിന്യം ഉൾപ്പെടെ പൊതുകാനയിലേക്ക് തള്ളിയിരുന്നു. സ്‌റ്റേഷൻ ശോച്യാവസ്ഥക്കെതിരെ സിപിഐ എം, ഡിവൈഎഫ്‌ഐ, പാസഞ്ചേഴ്‌സ് അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകൾ രംഗത്ത് വന്നിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..