തൃശൂർ
ദുരന്തഭൂമിയിൽ നിന്ന് ജീവന്റെ തുടിപ്പുകളുമായി ശരവേഗത്തിൽ പായാൻ സാംസ്‌കാരിക നഗരിയിൽ നിന്നും 10 ആംബുലൻസുകൾ വയനാട്ടിലേക്ക് പുറപ്പെട്ടു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ജില്ലയിലെ ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ തൃശൂർ ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലഭ്യമാക്കിയ 10 ആംബുലൻസുകളാണ് വ്യാഴാഴ്‌ച വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് യാത്ര തിരിച്ചത്.
രക്ഷാദൗത്യത്തിനായി ഓരോ ആംബുലൻസിലും രണ്ടുവീതം ഡ്രൈവർമാരുടെ സേവനവും ഫ്രീസർ, ജനറേറ്റർ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കലക്ടർ അർജുൻ പാണ്ഡ്യൻ ജില്ലയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് ഡ്രൈവർമാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി യാത്രയാക്കി. തൃശൂരിലെ പൂരപ്രേമി സംഘം ഭാരവാഹികൾ ആംബുലൻസ് ഡ്രൈവർമാർക്ക് യാത്രാ ചെലവനായി 10,000 രൂപ കൈമാറി. എഡിഎം ടി മുരളി, കളക്ഷൻ സെന്റർ നോഡൽ ഓഫീസറായ ഡെപ്യൂട്ടി കലക്ടർ രോഹിത് നന്ദകുമാർ, ആംബുലൻസ് ഡ്രൈവർമാർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്ന് സമാഹരിച്ച വിവിധ സാധനങ്ങളുമായി ആറു വാഹനങ്ങളും വയനാട്ടിലേക്ക് പോയിരുന്നു. ജില്ലാ ഭരണകൂടം ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ജില്ലയിൽ നിന്നും ഫോറൻസിക് സർജൻമാരും അടങ്ങുന്ന സംഘത്തേയും ഫയർ ആൻഡ് റസ്‌ക്യു സർവീസിന്റെ കീഴിലുള്ള 50 സിവിൽ ഡിഫൻസ് വളന്റിയർമാരെയും വയനാട്ടിലെ രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..