08 November Friday

പറമ്പിക്കുളം ഡാം തുറന്നേക്കും; ചാലക്കുടിപ്പുഴ നിറയും

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

പീച്ചി ഡാം

തൃശൂർ
തമിഴ്‌നാട്‌ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം ഡാം തുറക്കുന്നതിന്‌ മുന്നോടിയായി ഒന്നാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.  പറമ്പിക്കുളം ഡാമിന്റെ ശേഷി 500 ദശലക്ഷം ക്യുബിക്‌ മീറ്ററാണ്‌. പെരിങ്ങൽക്കുത്തിന്റെ ശേഷി 30 ദശലക്ഷം ക്യൂബാണ്‌. പറമ്പിക്കുളം  തുറന്നാൽ പെരിങ്ങൽക്കുത്ത്‌ വഴി ചാലക്കുടി പ്പുഴയിലേക്ക്‌ മഹാജല പ്രവാഹമുണ്ടാകും. 
പറമ്പിക്കുളത്തിനും പെരിങ്ങൽക്കുത്തിനും ഇടയിലുള്ള തൂണക്കടവും തുറന്നിരിക്കുകയാണ്‌. അതിനാൽ ചാലക്കുടിപ്പുഴ നിറഞ്ഞ്‌ കവിയും. പുഴയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.  മഴയുടെ ശക്തി കുറഞ്ഞതിനാൽ ജില്ലയിലെ മറ്റു ഡാമുകളിൽ   ജലനിരപ്പിൽ അൽപ്പം കുറവുണ്ട്‌. 
പറമ്പിക്കുളത്ത്‌ ജലനിരപ്പ്  വ്യാഴാഴ്‌ച  രാവിലെ 9.15ന് 1815 അടിയിലെത്തിയതോടെയാണ്‌  ഒന്നാം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്‌. മൂന്നാം അറിയിപ്പോടെയാണ്‌ തുറക്കുന്നത്‌.  രണ്ടും മൂന്നും അറിയിപ്പ്‌ അടുത്തടുത്ത സമയങ്ങളിലുണ്ടാവാറുണ്ട്‌.  തമിഴ്‌നാട്‌ നിയന്ത്രണത്തിലുള്ള അപ്പർ ഷോളയാറും തുറന്നിട്ടുണ്ട്‌. കേരള ഷോളയാർ തുറന്നിട്ടില്ല. കൂടുതൽ ജലമെത്തിയാൽ കേരള ഷോളയാറും തുറക്കേണ്ടിവരും. 
 
പെരിങ്ങൽക്കുത്തും പീച്ചിയും നിറയുന്നു  
കേരള സംസ്ഥാന ദുരന്ത നിവാരണ സമിതിയുടെ  വെബ്‌സെറ്റ്‌ പ്രകാരം  വ്യാഴാഴ്‌ച  പെരിങ്ങൽക്കുത്തിൽ പരമാവധി  ജലനിരപ്പ്‌ 424 മീറ്ററാണ്‌.  421  മീറ്ററാണ്‌  ജലനിരപ്പ്‌.  സംഭരണശേഷിയുടെ 73.43 ശതമാനമാണ്‌ വെള്ളം. ഡാം തുറന്നിരിക്കയാണ്‌. 
ലോവർ ഷോളയാറിന്റെ പരമാവധി  ജലനിരപ്പ്‌  2663 അടിയാണ്‌. 2645 അടിയാണ്‌ നിലവിലെ ജലനിരപ്പ്‌. സംഭരണശേഷിയുടെ 70.25 ശതമാനമാണ്‌. ഡാം തുറന്നിട്ടില്ല. പീച്ചിയിൽ 79.25 മീറ്ററാണ്‌ പരമാവധി  ജലനിരപ്പ്‌. നിലവിൽ 77.34 മീറ്ററാണ്‌.  സംഭരണശേഷിയുടെ 83 ശതമാനം. നാലു ഷട്ടറുകളും 75 സെന്റീമീറ്ററാക്കി കുറച്ചു.  
 
ചിമ്മിനിയിൽ 
വൈദ്യുതോൽപ്പാദനം 
62.48 മീറ്റർ പരമാവധി  ജലനിരപ്പുള്ള  വാഴാനിയിൽ 60.67 മീറ്റർ വെള്ളമുണ്ട്‌. ഇത്‌ സംഭരണശേഷിയുടെ 98ശതമാനമാണ്‌.  നാലുഷട്ടറുകളും 110 സെന്റീമീറ്റർ തുറന്നിരിക്കയാണ്‌. ചിമ്മിനി അണക്കെട്ടിൽ പരമാവധി  ജലനിരപ്പ്‌ 76.40 മീറ്ററാണ്‌.  71.45  മീറ്ററാണ്‌ നിലവിലെ ജലനിരപ്പ്‌.  
വൈദ്യുതോൽപ്പാദനത്തിന്‌ തുറന്നിരിക്കയാണ്‌.  സംഭരണശേഷിയുടെ 74 ശതമാനമാണ്‌  വെള്ളം. ചെറിയ ഡാമുകളായ പൂമല, അസുരൻകുണ്ട്‌, പത്താഴക്കുണ്ട്‌  എന്നിവയും തുറന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top