22 December Sunday

ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ അകമല

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

അകമലയില്‍ കുന്നിടിച്ചിൽ ഭീഷണിയുള്ള പ്രദേശത്ത് ദുരന്ത നിവാരണ വിദഗ്‌ധ സംഘം പരിശോധന നടത്തുന്നു

വടക്കാഞ്ചേരി
അകമല സെന്റർ ഉരുൾപൊട്ടൽ ഭീഷണിയിൽ. വിദഗ്‌ധ സംഘം പരിശോധന നടത്തി, പ്രദേശവാസികളോട് അടിയന്തരമായി മാറിത്താമസിക്കാൻ കർശന നിർദേശം നൽകി. ജില്ലാ ഭരണകേന്ദ്രത്തിന്റെ നിർദേശപ്രകാരം  നാലു വകുപ്പിലെ വിദഗ്‌ധ സംഘമാണ് പരിശോധന നടത്തിയത്. മഴക്കാലം കഴിയുന്നതുവരെ ഏത് നിമിഷവും ഉരുൾപൊട്ടൽ ഉണ്ടാകാമെന്ന് കണ്ടെത്തി. അതുവരെ പ്രദേശവാസികള്‍ മാറിത്താമസിക്കണമെന്നാണ് നിര്‍ദേശം.  
അകമല  സെന്ററിനു സമീപത്തെ കുന്നിൻ ചെരുവിലെ പതിനഞ്ച് കുടുംബത്തോടും അടിവാരത്തെ നാല്‍പ്പത് കുടുംബത്തോടും  മാറി ത്താമസിക്കാൻ വടക്കാഞ്ചേരി നഗരസഭ  നിർദേശം നൽകി.  ദുരന്ത മുന്നറിയിപ്പിനെത്തുടർന്ന് എല്ലാവരേയും മാറ്റിപ്പാർപ്പിച്ചു.
അകമലയിൽ മൂന്നിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.  22 ഡിഗ്രി വരെയുള്ള പ്രദേശങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും അകമല കുന്നിന് ചെരുവ് 39 ഡിഗ്രിക്ക് മുകളിലാണെന്നും ജില്ലാ ജിയോളജി ഓഫീസർ എ കെ മനോജ് പറഞ്ഞു. മണ്ണിനടിയിലൂടെ ഉറവയുള്ളത് അപകടസാധ്യത ഉയര്‍ത്തുന്നുവെന്നും പരിശോധനാ സംഘം വിലയിരുത്തി.
മൈനിങ് ആന്‍ഡ് ജിയോളജി, മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥർ, ഭൂജല വകുപ്പ്,  റവന്യൂ സംഘം  എന്നിവരാണ് അകമലയിൽ പരിശോധന  നടത്തിയത്. കനത്ത മഴയിൽ വടക്കാഞ്ചേരി മേഖലയിൽ വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു. അകമല മാരാത്ത്കുന്ന് പരിസരത്ത് കഴിഞ്ഞദിവസമുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് പ്രദേശവാസികൾ വലിയ  ആശങ്കയിലായിരുന്നു. 
കഴിഞ്ഞ ദിവസം അകമലയിലുണ്ടായ കുന്നിലെ മണ്ണിടിച്ചിലും വീട് തകർന്നതും  സൂക്ഷ്മമായി നിരീക്ഷിച്ചായിരുന്നു പരിശോധന. ജില്ലാ ജിയോളജി ഓഫീസർ എ കെ മനോജിന്റെ നേതൃത്വത്തിൽ ഗ്രൗണ്ട് വാട്ടർ വകുപ്പ് ജില്ലാ ഓഫീസർ ഡോ. എൻ സന്തോഷ്, സോയൽ കൺസർവേഷൻ ജില്ലാ ഓഫീസർ ഡോ. ബിന്ദു മേനോൻ എന്നിവരടങ്ങുന്ന വിദഗ്‌ധ സംഘമാണ് കുന്നിടിച്ചിൽ പ്രദേശത്ത് പരിശോധന നടത്തിയത്. നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ, സെക്രട്ടറി കെ കെ മനോജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അൻസാർ അഹമ്മദ്, തഹസിൽദാർ എം സി അനുപമൻ  എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top