തൃശൂർ
റോഡുകൾ ആധുനികവൽക്കരിക്കുന്ന തൃശൂർ കോർപറേഷൻ പദ്ധതിയ്‌ക്ക് തുടക്കമായി. 2030ഓടെ രാജ്യത്തെ വികസിതനഗരങ്ങളുടെ ഒപ്പം തൃശൂരിനെത്തുക എന്ന നയത്തിന്റെ ഭാഗമായി ആവിഷ്കരിച്ച നിരവധി പദ്ധതികളുടെ ഭാഗമായാണ് റോഡുകളുടെ ആധുനികവൽക്കരണം. ഇതിന്റെ ആദ്യ പടിയായി കൂർക്കഞ്ചേരി–- കുറുപ്പം റോഡ് കോൺക്രീറ്റിങ് കൂർക്കഞ്ചേരിയിൽ മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്‌തു. കരാർ കൈമാറ്റം പി ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു. മേയർ എം കെ വർഗീസ് അധ്യക്ഷനായി.
ഡെപ്യൂട്ടി മേയർ എം എൽ റോസി, സ്ഥിരം സമിതി ചെയർമാനാരായ പി കെ ഷാജൻ, വർഗീസ് കണ്ടംകുളത്തി, കരോളിൻ ജെറീഷ് പെരിഞ്ചേരി, മുകേഷ് കൂളപ്പറമ്പിൽ, സാറമ്മ റോബ്‌സൺ, ജയപ്രകാശ് പൂവത്തിങ്കൽ, കൗൺസിലർമാരായ പൂർണിമ സുരേഷ്, സിന്ധു ആന്റോ ചാക്കോള, അസി. എൻജിനിയർ പി എ മഹേന്ദ്ര, കെ രവീന്ദ്രൻ, അജിത ജയരാജൻ എന്നിവർ സംസാരിച്ചു. കൊടുങ്ങല്ലൂർ–- തൃശൂർ റോഡിന്റെ കോർപറേഷൻ പരിധിയിലുള്ള രണ്ടര കിലോമീറ്റർ റോഡ് 10 കോടി രൂപ ചെലവിട്ടാണ് ആധുനിക രീതിയിൽ കോൺക്രീറ്റിങ് നടത്തുന്നത്. ഓണം വ്യാപാരകാലമായതിനാൽ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് നിർമാണം ഓണവും പുലികളിയും കഴിഞ്ഞ് അടുത്ത ദിവസം തന്നെ തുടങ്ങും. പണി നടക്കുമ്പോൾ റോഡിലൂടെ ഗതാഗതം അനുവദിക്കില്ല. ഗതാഗത ക്രമീകരണത്തെക്കുറിച്ച് പൊലീസുമായി ചർച്ച ചെയ്‌തശേഷം തീരുമാനിക്കും. ഗതാഗതം വലിയ രീതിയിൽ തടസ്സപ്പെടുത്താതെ, ആർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാതെ പ്രവൃത്തി നടത്തും. ഇതിനായി മൂന്നോ നാലോ റീച്ചായിട്ടായിരിക്കും നിർമാണം. മൂന്നു മാസത്തിനുള്ളതിൽ പൂർത്തിയാക്കും. ഈ റോഡിനു പിന്നാലെ കോർപറേഷന് കീഴിലുള്ള വിവിധ റോഡുകളും സമാന രീതിയിൽ പുനർനിർമിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..