തൃശൂർ
കൊച്ചി- – -ബംഗളൂരു വ്യവസായ ഇടനാഴി തൃശൂരിന്റെ വ്യവസായക്കുതിപ്പിനും വഴിയൊരുക്കും. പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററിന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ അനുമതിയായി. ഇടനാഴിയുടെ ഏറ്റവും പ്രധാന ഭാഗമാണ് 1710 ഏക്കറിലുള്ള പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി. ഇതിന് പുതുശേരിക്കു പുറമെ തൃശൂർ അതിർത്തിയായ കണ്ണമ്പ്രയിലാണ് 313 ഏക്കർ ഏറ്റെടുത്തത്. കുതിരാൻ കടന്നാൽ തൊട്ടടുത്താണ് കണ്ണമ്പ്ര വ്യവസായ പാർക്ക്. പാലക്കാടിനെക്കാൾ തൃശൂർ നഗരത്തിനോട് അടുത്താണ് സ്ഥലം. തൃശൂർ നഗരത്തിൽ ഭൂമി ലഭ്യത കുറവായതിനാൽ തൃശൂരിലെ വ്യവസായികൾക്ക് കണ്ണമ്പ്രയിലെ സ്ഥലത്ത് സംരംഭങ്ങൾ തുടങ്ങാനാവും. ആറായിരത്തോളം തൊഴിലവസരങ്ങൾ ഇവിടെ ഒരുങ്ങുമെന്നാണ് കണക്കാക്കുന്നത്. കുതിരാൻ തുരങ്കവും ദേശീയപാതയും പ്രയോജനപ്പെടുത്തിയാൽ തൃശൂരിന് നേട്ടം കൊയ്യാം.
ഭക്ഷ്യ സംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ മേഖലകളിൽ സംരംഭങ്ങൾ വരും. ലൈറ്റ് എൻജിനിയറിങ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ–--മാലിന്യങ്ങളുടെയും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങൾ, ഇലക്ട്രോണിക്‌സ്, ഐടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കാനും ലക്ഷ്യമുണ്ട്. ഇവിടെ തുടങ്ങുന്ന വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകുന്നതിനൊപ്പം നടപടിക്രമങ്ങൾ ലഘൂകരിക്കും. പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങൾ സ്ഥാപിച്ച് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കും. പദ്ധതിക്കാവശ്യമായ 1710 ഏക്കർ ഭൂമിയും സംസ്ഥാനം റെക്കോഡ് വേഗതയിൽ ഏറ്റെടുത്തിരുന്നു.
1790 കോടി രൂപയുടെ പ്രാരംഭ നടപടികളെല്ലാം കേരളം പൂർത്തിയാക്കിയതിനെത്തുടർന്നാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷൻ എന്ന എസ്‌വിപി മുഖേനയാണ് വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..