കുന്നംകുളം
പ്രസിദ്ധമായ പഴഞ്ഞി പള്ളിപ്പെരുന്നാൾ ബുധൻ, വ്യാഴം ദിവസങ്ങളിൽ ആഘോഷിക്കും. രണ്ടാം തീയതി രാവിലെ ഏഴിന് പഴയ പള്ളിയിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും വൈകിട്ട് ആറിന് പെങ്ങാമുക്ക് പള്ളിയിൽ നിന്നും എത്തിച്ചേരുന്ന പദയാത്രയ്ക്ക് സ്വീകരണവും നൽകും. തുടർന്ന് സന്ധ്യനമസ്കാരവും 7. 30 ന് അങ്ങാടി ചുറ്റിയുള്ള കൊടിയും സ്ലീബായും ഉണ്ടാകും.
വ്യാഴാഴ്ച രാവിലെ ആറിന് പ്രഭാത നമസ്കാരവും തുടർന്ന് ബെന്യാമിൻ തോമസ് റമ്പാന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും ഉണ്ടാകും. വൈകിട്ട് നാലോടെ വിവിധ ദേശക്കാരുടെ എഴുന്നള്ളിപ്പുകൾ പള്ളിയിൽ എത്തും.. തുടർന്ന് പഴഞ്ഞി അങ്ങാടി ചുറ്റിയുള്ള കൊടിയും സ്ലീബായും നടക്കും.
ആഘോഷങ്ങൾക്ക് മുന്നോടിയായി ബുധനാഴ്ച വൈകിട്ട് നാലിന് പഴഞ്ഞി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഗജസംഗമത്തിൽ 35 ആനകൾ അണിനിരക്കും. 57 ദേശക്കമ്മിറ്റികൾ വിവിധ വാദ്യഘോഷങ്ങളുമായി പെരുന്നാളിന്റെ ഭാഗമാകും.
45 ആനകൾ പെരുന്നാൾ എഴുന്നള്ളിപ്പുകളിലുണ്ടാകും. പെരുന്നാളിന്റെ ഭാഗമായി ബഹുനിലപ്പന്തലുകളും അങ്ങാടിയിൽ ഉയർന്നു കഴിഞ്ഞു. കമനീയമായ രീതിയിൽ ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..