02 October Wednesday
സൈബർ പൊലീസ്‌ ഇടപെടലിൽ അക്കൗണ്ട്‌ മരവിപ്പിച്ചു

മഹാരാഷ്‌ട്ര പൊലീസ്‌ 
ചമഞ്ഞ്‌ 37.57 ലക്ഷം തട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024
തൃശൂർ
ജില്ലയിൽ വീണ്ടും സൈബർ പണത്തട്ടിപ്പ്‌. മൂന്നുപേരുടെ അക്കൗണ്ടിൽ   നിന്നായി 37.57 ലക്ഷം തട്ടിയെടുത്തു. സൈബർ പൊലീസിന്റെ അടിയന്തര  ഇടപെടൽ കാരണം  പണം എത്തിയ  അക്കൗണ്ടുകൾ  മരവിപ്പിച്ച്‌  തട്ടിപ്പ്‌ തടയാനായി. പഴയന്നൂർ സ്വദേശിയും വ്യവസായിയുമായ വിനോദ്‌, ഭാര്യ ഷാനി എന്നിവരുടെ അക്കൗണ്ടുകളിൽ നിന്നായി 20 ലക്ഷവും തൃശൂർ സ്വദേശി മിഥുനിന്റെ അക്കൗണ്ടിൽ നിന്ന്‌ 17.57 ലക്ഷം രൂപയുമാണ്‌ തട്ടിയെടുത്തത്‌. 
സെപ്‌തംബർ 24നാണ്‌ വിനോദിനെ തട്ടിപ്പു സംഘം ഫോണിൽ വിളിച്ചത്‌. രണ്ടു മണിക്കൂർ കഴിഞ്ഞാൽ  ഫോൺ കട്ടാവുമെന്ന്‌ പറഞ്ഞു. കാരണം ചോദിച്ചപ്പോൾ   അനധികൃത പണമിടപാട്‌ നടന്നതായി പറഞ്ഞു.  തുടർന്ന്‌ വീഡിയോ കോളിൽ മഹാരാഷ്‌ട്ര പൊലീസ്‌ ചമഞ്ഞവർ രംഗത്തെത്തി.  വിനോദിന്റെ ആധാർ നമ്പറും ഫോൺ നമ്പറും ഉപയോഗിച്ച്‌ അക്കൗണ്ട്‌ ആരംഭിച്ച്‌ കള്ളപ്പണമിടപാട്‌ നടത്തിയതായി പറഞ്ഞു.  ഡിജിറ്റൽ അറസ്‌റ്റിലാണെന്നും സുപ്രീം കോടതിയിൽ കേസുണ്ടെന്നും പറഞ്ഞ്‌ ഭീഷണിപ്പെടുത്തി.   കേസിൽ ജാമ്യമെടുക്കാൻ 15 ലക്ഷം അയക്കാൻ പറഞ്ഞു.  ഡിജിറ്റൽ തെളിവുകളും അയച്ചു.   ഭയന്ന്‌ അവർ പറഞ്ഞ അക്കൗണ്ടിലേക്ക്‌ പണം അയച്ചു.  പിന്നീട്‌ അഞ്ച്‌ ലക്ഷവും അയച്ചു. സംശയം തോന്നി സൈബർ പൊലീസിനെ സമീപിക്കുകയായിരുന്നു.  ഇതിനകം പണം നാല്‌ അക്കൗണ്ടിലേക്ക്‌ മാറിമാറി അയച്ചിരുന്നു. എന്നാൽ സൈബർ പൊലീസ്‌ പിന്തുടർന്ന്‌  പണം എത്തിയ മഹാരാഷ്‌ട്രയിലെ അക്കൗണ്ട്‌ മരവിപ്പിച്ചതായി സിറ്റി കമീഷണർ ആർ ഇളങ്കോ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.      മിഥുനിന്റെ അക്കൗണ്ടിൽ നിന്ന്‌   17.57 ലക്ഷം  വെസ്‌റ്റ്‌ ബംഗാളിലെ അക്കൗണ്ടിലേക്കാണ്‌ എത്തിയത്‌. ഈ അക്കൗണ്ടും  മരവിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top