തൃശൂർ
കൊടകര കുഴൽപണകേസിലും കൊടുങ്ങല്ലൂർ കള്ളനോട്ടടി കേസിലും ഇഡി സ്വീകരിച്ച നിസംഗ നിലപാടിനെതിരെ പാർലമെന്റിലോ പുറത്തോ കോൺഗ്രസിന്റെ ജില്ലയിൽ നിന്നുള്ള എംപിമാർ പ്രതിക്കരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കണമെന്നമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
സിപിഐ എമ്മും എൽഡിഎഫും ഇക്കാര്യം നിരന്തരമായി ഉന്നയിച്ചുവരികയായിരുന്നു. കൊടുങ്ങല്ലൂരിലെ കള്ളനോട്ട് കേസിൽ ബിജെപി നേതാക്കളെ കള്ളനോട്ടടി യന്ത്രം ഉൾപ്പെടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ ബന്ധമുള്ള മാഫിയാ സംഘമാണ് കള്ളനോട്ടിന് പുറകിലുണ്ടായിരുന്നത്. കൊടകര കുഴൽപ്പണ കേസിലും കൊടുങ്ങല്ലൂർ കള്ളനോട്ട് കേസിലും ഇഡി അന്വേഷണം വേണമെന്ന് കേരള പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതികൾ ബിജെപിക്കാരാണ് എന്ന് മനസിലായതോടെയാണ് ഇഡി അന്വേഷണം നടത്താതെ മുങ്ങിയത്.
തൃശൂർ ജില്ലയിലെ കോൺഗ്രസ് നേതൃത്വം കേന്ദ്ര അന്വേഷണ ഏജൻസികളുടെ പ്രചാരകരും കുഴലൂത്തുകാരുമായിട്ടാണ് കഴിഞ്ഞ രണ്ട് വർഷമായി രംഗത്ത് വന്നിരുന്നത്. അതുകൊണ്ട് ഈ പ്രശ്നം യുഡിഎഫ് അവഗണിക്കുകയായിരുന്നു. ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ, രമ്യ ഹരിദാസ് എന്നീ എംപിമാർ പ്രശ്നം ലോക്‌സഭയിൽ ഉന്നയിക്കാനോ ഒരു പൊതുപ്രസ്‌താവന പോലും നടത്താനോ തയ്യാറായില്ല. ഇതെല്ലാം ജനങ്ങൾക്കുമറിയാം. പ്രതിപക്ഷ നേതാവ് സിപിഐ എമ്മിനെതിരെ സംസാരിക്കുന്നതിന് മുമ്പ് സ്വന്തം പാർടിയുടെ വഞ്ചനാപരമായ അവസരവാദത്തെ കുറിച്ചാണ് പ്രതികരിക്കേണ്ടത്. കൊടകര കുഴൽപ്പണകേസും കൊടുങ്ങല്ലൂർ കള്ളനോട്ട് കേസും കേന്ദ്ര ഏജൻസികൾ സമഗ്രമായി അന്വേഷിക്കണമെന്നും ബിജെപി ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് പുനരന്വേഷണം നടത്തണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..